കാപ്പനെ പുറത്താക്കിയ ശശീന്ദ്രന് 'പണി'യുമായി എന്‍സിപി ജില്ലാ ഘടകം

 കാപ്പനെ പുറത്താക്കിയ ശശീന്ദ്രന് 'പണി'യുമായി എന്‍സിപി ജില്ലാ ഘടകം

കോഴിക്കോട്: എ.കെ ശശീന്ദ്രനെ ഇത്തവണ എലത്തൂരില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന് എന്‍സിപി ജില്ലാ ഘടകം തീരുമാനിച്ചതായി സൂചന. പകരം പുതിയ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. എലത്തൂര്‍ മണ്ഡലം സിപിഎമ്മിന് നല്‍കി പകരം കുന്ദമംഗലം മണ്ഡലം മതിയെന്ന് എന്‍സിപി ജില്ലാഘടകം സിപിഎം നേതൃത്വത്തെ അറിയിച്ചു.

മണ്ഡലം മാറിയാല്‍ എലത്തൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ സ്ഥാനാര്‍ഥിയാകും. കുന്ദമംഗലം സീറ്റ് എന്‍സിപിക്ക് കൈമാറിയാല്‍ നിലവിലെ ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. എലത്തൂരില്‍ ഉള്‍പ്പെടെ ഏഴ് തവണ മത്സരിക്കാന്‍ അവസരം കിട്ടിയ എ.കെ ശശീന്ദ്രന്‍ അഞ്ച് തവണ നിയമസഭയിലെത്തി. രണ്ട് തവണ മന്ത്രിയുമായി. അതിനാല്‍ ഇത്തവണ മാറി നില്‍ക്കണമെന്നാണ് ജില്ലാ ഘടകം ആവശ്യപ്പെടുന്നത്.

ശശീന്ദ്രന്‍ എലത്തൂര്‍ മണ്ഡലത്തില്‍ മത്സരിച്ചാല്‍ എല്‍ഡിഎഫിന് സിറ്റിങ് സീറ്റ് നഷ്ടമാകാന്‍ ഇടയുണ്ടെന്നും എന്‍സിപി നേതൃത്വം സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. ശശീന്ദ്രനെതിരെ ഉയര്‍ന്ന ഹണിട്രാപ്പ് വിവാദം വലിയ തോതില്‍ ചര്‍ച്ചയാകാന്‍ ഇടയുണ്ടെന്നും കാപ്പനെ പുറത്താക്കാന്‍ കാണിച്ച അമിതാവേശം പാര്‍ട്ടി പ്രവര്‍ത്തകരില്‍ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ടെന്ന് ജില്ലാ നേതൃത്വം സൂചിപ്പിച്ചു.

കുന്ദമംഗലം മണ്ഡലത്തില്‍ തുടര്‍ച്ചയായ വിജയം നേടിയ പിടിഎ റഹീം ഐഎന്‍എല്ലിലേക്ക് പോയതോടെ മണ്ഡലം നാഷണല്‍ ലീഗിന് നല്‍കാന്‍ ഇടയില്ല. ഇതു കണക്കിലെടുത്താണ് എന്‍സിപി മണ്ഡലമാറ്റം ആവശ്യപ്പെട്ടത്. നിലവില്‍ കോഴിക്കോട് സൗത്ത് മണ്ഡലം ഐഎന്‍എല്ലിനാണ്. ജില്ലയില്‍ ഒന്നിലധികം സീറ്റ് നല്‍കാനാവില്ലെന്ന് സിപിഎം ഐഎന്‍എല്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.