കളമശേരി പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവം: പരസ്പരം പഴിചാരി എസ്.എഫ്.ഐയും കെ.എസ്.യുവും

 കളമശേരി പോളിടെക്നിക്  ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവം: പരസ്പരം പഴിചാരി എസ്.എഫ്.ഐയും കെ.എസ്.യുവും

കൊച്ചി: കളമശേരി സര്‍ക്കാര്‍ പോളിടെക്നികിന്റെ ഹോസ്റ്റലില്‍ നടന്ന റെയ്ഡില്‍ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ എസ്.എഫ്.ഐ-കെ.എസ്.യു വാക്പോര് മുറുകുന്നു. പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ എസ്.എഫ്.ഐ നേതാവും കാമ്പസ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ ആര്‍. അഭിരാജാണ്.

താന്‍ ലഹരി ഉപയോഗിക്കില്ലെന്നും കഞ്ചാവ് താന്‍ ഒളിപ്പിച്ചതെല്ലെന്നും മനപ്പൂര്‍വം കേസില്‍ കുടുക്കുകയായിരുന്നുവെന്നുമാണ് അഭിരാജിന്റെ വാദം. അഭിരാജിനെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. പൊലീസ് ഭീഷണിപ്പെടുത്തിയാണ് കേസ് എടുത്തതെന്നും അഭിരാജ് ആരോപിച്ചു.

അതിനിടെ കെ.എസ്.യു നേതാവിന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചതെന്നും ഓടിപ്പോയ രണ്ട് പേര്‍ കെ.എസ്.യു നേതാക്കളാണെന്നും ആരോപിച്ച് എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി രംഗത്ത് വന്നു. എന്നാല്‍ കെ.എസ്.യു ഇത് പൂര്‍ണമായും നിഷേധിച്ചു. കാമ്പസില്‍ എസ്.എഫ്.ഐക്കാരാണ് കഞ്ചാവിന്റെ ഏജന്റുമാരെന്ന് കെ.എസ്.യു ആരോപിച്ചു

ഇന്നലെ രാത്രിയിലാണ് പോളിടെക്‌നികിന്റെ ബോയ്‌സ് ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, തൃക്കാക്കരയിലെയും കളമശേരിയിലെയും പൊലീസ് തുടങ്ങിയവര്‍ നടത്തിയ റെയ്ഡില്‍ രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തത്.

കഞ്ചാവ് വില്‍പനയ്ക്കായി ചെറിയ പായ്ക്കറ്റുകളിലാക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്. കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും മദ്യക്കുപ്പികളും പിടിച്ചെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.