'ട്രംപിന്റെ സമ്മർദങ്ങൾക്ക് വഴങ്ങില്ല, ഒരിക്കലും അമേരിക്കയുടെ ഭാഗമാവില്ല': കാനഡയുടെ പുതിയ പ്രധാനമന്ത്രി

'ട്രംപിന്റെ സമ്മർദങ്ങൾക്ക് വഴങ്ങില്ല, ഒരിക്കലും അമേരിക്കയുടെ ഭാഗമാവില്ല': കാനഡയുടെ പുതിയ പ്രധാനമന്ത്രി

ഒട്ടാവോ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദേഹം.

കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന നിര്‍ദേശം അസംബന്ധമെന്ന് കാര്‍ണി തുറന്നടിച്ചു. ട്രംപിനെ ബഹുമാനിക്കുന്നു, എന്നാല്‍ തല്‍ക്കാലം കൂടിക്കാഴ്ച നടത്താനില്ലെന്നും കാര്‍ണി. ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത നിലപാട് തന്നെയാകും കാനഡ സ്വീകരിക്കുകയെന്നും കാർണി തന്‍റെ പ്രസംഗത്തിൽ വ്യക്തമാക്കി.

അമേരിക്ക കാനഡയോട് കുറച്ച് ബഹുമാനം കാണിക്കുന്നതുവരെ 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ ചുമത്തിയ അധിക തീരുവ അത് പോലെ തുടരുമെന്ന് മാർക്ക് കാർണി വ്യക്തമാക്കി. കാനഡയെ അമേരിക്കയോട് കൂട്ടി ചേർക്കണമെന്നാണ് ട്രംപ് പറയുന്നത്. കാനഡയുടെ പരമാധികാരത്തെ ബഹുമാനിക്കുന്ന പക്ഷം മാത്രമേ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ താൻ തയ്യാറാവൂ എന്നും കാർണി വ്യക്തമാക്കി.

ട്രംപിന്‍റെ തീരുവ യുദ്ധം തുടരുന്നതിനിടെ കടുത്ത ട്രംപ് വിരോധിയായ മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായെത്തിയത് വ്യാപാര യുദ്ധം കനപ്പിക്കാനാണ് സാധ്യത. അമേരിക്കയുമായുള്ള കാനഡയുടെ ബന്ധം ഏറ്റവും വഷളായിരിക്കുന്ന സാഹചര്യത്തിൽ കാർണിയുടെ ഇടപെടൽ എന്താകും എന്നതും കണ്ടറിയണം.

കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ലിബറല്‍ പാര്‍ട്ടി നേതാവ് ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായാണ് മാര്‍ക്ക് കാര്‍ണിയുടെ സത്യപ്രതിജ്ഞ.

ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണറായി പ്രവര്‍ത്തിച്ചയാളാണ് 59-കാരനായ മാര്‍ക്ക് കാര്‍ണി. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ ഏറ്റവും യോഗ്യനായ കനേഡിയൻ രാഷ്‌ട്രീയക്കാരനെന്നാണ് വിവിധ സര്‍വേകളില്‍ കാര്‍ണി വിശേഷിപ്പിക്കപ്പെടുന്നത്. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കാനഡയെ സഹായിച്ചത് കാര്‍ണി ആണെന്നുള്ള പ്രചാരണം ഉണ്ടായിരുന്നു.

അതേസമയം 24 അംഗ മന്ത്രി സഭയിൽ രണ്ട് ഇന്ത്യൻ വംശജരും ഉള്‍പ്പെട്ടിട്ടുണ്ട്. അനിതാ ആനന്ദ്, കമാൽ ഖേര എന്നിവരാണ് ഇന്ത്യൻ വംശജര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.