വാഷിങ്ടൺ: സൗദി വിമത പത്രപ്രവർത്തകനായ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അംഗീകാരം നൽകിയതായി അമേരിക്ക പരസ്യമായി ആരോപിച്ചു. പക്ഷേ കിരീടാവകാശിയെ നേരിട്ടുള്ള ശിക്ഷാനടപടികളിൽ നിന്നും മാറ്റി നിർത്തി.
അമേരിക്കയുടെ ദീർഘകാല സഖ്യകക്ഷിയായ സൗദിയുടെ യഥാർത്ഥ ഭരണാധികാരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജകുമാരൻ സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ പിടികൂടാനോ കൊല്ലാനോ തുർക്കിയിലെ ഇസ്താംബൂളിൽ ഒരു ഓപ്പറേഷന് അംഗീകാരം നൽകിയതായി പ്രസിഡന്റ് ജോ ബൈ ഡന്റെ ഭരണകൂടം പുതുതായി പ്രഖ്യാപിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. മുഹമ്മദ് രാജകുമാരന്റെ സ്വാധീനം കണക്കിലെടുക്കുമ്പോൾ, 2018 ലെ കൊലപാതകം അദ്ദേഹത്തിന്റെ അനുവാദം ഇല്ലാതെ നടക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
വാഷിങ്ടൺ പോസ്റ്റിനായി എഴുതികൊണ്ടിരുന്ന അദ്ദേഹം അമേരിക്കയിൽ സ്ഥിര താമസക്കാരനായിരുന്നു. 2018 ഒക്ടോബറിൽ ഒരു സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി തുർക്കി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിലേക്ക് ചെന്ന അദ്ദേഹത്തെ പിന്നീട് പുറം ലോകം കണ്ടിട്ടില്ല.
കൊല്ലപ്പെട്ട എഴുത്തുകാരന്റെ ബഹുമാനാർത്ഥം, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ "ഖഷോഗി ആക്റ്റ്" പ്രഖ്യാപിച്ചു. വിമതപ്രവർത്തനങ്ങൾ നടത്തുന്നവരെയോ, പത്രപ്രവർത്തകരെയോ അവരുടെ കുടുംബങ്ങളെയോ ഉപദ്രവിക്കുന്ന വിദേശികൾ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ആക്റ്റാണ് ഇത്. ഇതനുസരിച്ച് 76 സൗദികളെ കരിമ്പട്ടികയിൽ പ്പെടുത്തിയിട്ടുണ്ട്. മുൻ സൗദി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായും സൗദി റാപ്പിഡ് ഇന്റർവെൻഷൻ ഫോഴ്‌സുമായും നടത്തുന്ന ഇടപാടുകൾ കുറ്റകരമാണെന്ന് യു എസ് ട്രഷറി വകുപ്പ് പ്രഖ്യാപിച്ചു.
പക്ഷെ, 35 കാരനായ കിരീടാവകാശിയെ നേരിട്ട് അക്രമിക്കുന്നതിൽ നിന്ന് അമേരിക്ക ഒഴിഞ്ഞു നിൽക്കുകയാണ്. ഇതേക്കുറിച്ച് വാർത്താ സമ്മേളനത്തിൽ പത്രലേഖകർ ചോദിച്ചപ്പോൾ “ബന്ധം വിച്ഛേദിക്കാനല്ല, മറിച്ച് ഞങ്ങളുടെ താൽപ്പര്യങ്ങൾക്കും മൂല്യങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാൻ പുനഃക്രമീകരിക്കുവാനാണ് ബൈഡൻ ശ്രമിക്കുന്നത് എന്ന് ബ്ലിങ്കൻ വ്യക്തമാക്കി".
മുഹമ്മദ് രാജകുമാരന് മേൽ ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോകാൻ ഡെമോക്രസി ഫോർ അറബ് വേൾഡ് എന്ന ഖഷോഗി സ്ഥാപിച്ച ഒരു അഭിഭാഷക സംഘം - ആവശ്യപ്പെടുന്നു. അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടിയിലെ നിരവധി നിയമനിർമ്മാതാക്കളും കൂടുതൽ നടപടികൾക്കായി ബൈഡൻ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നുണ്ട്.
എന്നാൽ അമേരിക്കയുടെ ഈ റിപ്പോർട്ടിനെ നിഷേധാത്മകവും തെറ്റായതും അസ്വീകാര്യവുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. ആദ്യ ദിവസങ്ങളിൽ ഖഷോഗിയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് പറഞ്ഞ സൗദി സർക്കാർ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഒരു ഗുണ്ടാ നടപടിയായിട്ടാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്.
റിപ്പോർട്ട് പുറത്തിറക്കാനുള്ള ബൈഡന്റെ തീരുമാനം - തന്റെ മുൻഗാമിയുടെ തീരുമാനങ്ങളിൽ നിന്നുമുള്ള വ്യതിചലനമാണ്. സൗദി അറേബ്യായുമായി ബന്ധങ്ങൾ മെച്ചപ്പെടുത്തി പരമാവധി സഹകരണമായിരുന്നു ട്രംപ് ഭരണകാലത്ത് ഉണ്ടായിരുന്നത്. കിരീടാവകാശിയായ രാജകുമാരനുമായി സംസാരിക്കാൻ തനിക്ക് ആഗ്രഹമില്ലെന്ന് ബൈഡൻ വ്യക്തമാക്കിയതിനെത്തുടർന്ന് വ്യാഴാഴ്ച വൈകിട്ട് 85 കാരനായ സൽമാൻ രാജാവുമായി ബൈഡൻ ടെലിഫോൺ മുഖേന സംസാരിച്ചു. രാജകുമാരനും ട്രംപിന്റെ മരുമകനായ ജാരെഡ് കുഷ്‌നറുമായി ഉള്ള സുഹൃദ് ബന്ധം ബൈഡൻ ഭരണകൂടത്തെ ചൊടിപ്പിക്കുന്നു എന്ന് വ്യക്തം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.