അണ്‍ഡോക്കിങ് വിജയകരമായി പൂര്‍ത്തിയായി; ഭൂമിയിലേക്കുള്ള മടക്ക യാത്രയില്‍ സുനിതയും സംഘവും

അണ്‍ഡോക്കിങ് വിജയകരമായി പൂര്‍ത്തിയായി;  ഭൂമിയിലേക്കുള്ള മടക്ക യാത്രയില്‍ സുനിതയും സംഘവും

ഫ്‌ളോറിഡ: നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10.35 ന് സുനിതയും സംഘവുമായുള്ള പേടകം ഭൂമിയിലേക്ക് യാത്ര തിരിച്ചു.

സാഹചര്യങ്ങളെല്ലാം അനുകൂലമായാല്‍ പേടകം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് ഭൂമിയില്‍ ഇറങ്ങും. ഇരുവര്‍ക്കുമൊപ്പം നിക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരുമുണ്ട്.

സുനിതയെയും വില്‍മോറിനെയും ബഹിരാകാശത്ത് എത്തിച്ച പേടകത്തിനുണ്ടായ സാങ്കേതിക തകരാര്‍മൂലമാണ് ഇരുവരും കഴിഞ്ഞ ഒമ്പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്) കുടുങ്ങിപ്പോയത്.

ഇന്ത്യന്‍ സമയം രാവിലെ 10.15 ഓടെ ഹാച്ചിങ് പൂര്‍ത്തിയായിരുന്നു. ഡ്രാഗണ്‍ പേടകത്തെ ഐ.എസ്.എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന പ്രക്രിയയാണിത്. ഇതിന് പിന്നാലെ നിലയവുമായി വേര്‍പ്പെടുത്തുന്ന അതിനിര്‍ണായക ഘട്ടമായ അണ്‍ഡോക്കിങും പൂര്‍ത്തിയായതോടെ പേടകം ഭൂമിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41 നാണ് ഡീ ഓര്‍ബിറ്റ് ബേണ്‍ പ്രക്രിയ. വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗണ്‍ പേടകം പ്രവേശിക്കും. പാരച്യൂട്ടുകള്‍ വിടരുന്നതോടെ പേടകം സ്ഥിര വേഗം കൈവരിക്കും. പുലര്‍ച്ചെ 3.27 ന് പേടകം ഭൂമിയില്‍ ഇറങ്ങും.

അറ്റ്ലാന്റിക് സമുദ്രത്തിലോ മെക്സിക്കോ ഉള്‍ക്കടലിലോ ആയിരിക്കും പേടകം പതിക്കുക. ഇത് വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിക്കാനാണ് പദ്ധതി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഭൂമിയില്‍ ഇറങ്ങുന്ന സമയത്തില്‍ മാറ്റം വരാമെന്ന് നാസ അറിയിച്ചു.

സുനിതയെയും ബുച്ച് വില്‍മോറിനെയും ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പെയ്സ് സെന്ററിലെത്തിച്ച് വൈദ്യ പരിശോധനയ്ക്കു വിധേയരാക്കും. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാതെ ഇത്രനാള്‍ കഴിഞ്ഞ രണ്ട് പേര്‍ക്കും ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി വീണ്ടും താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങള്‍ നല്‍കും.

ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും വില്‍മോറും 2024 ജൂണില്‍ ബഹിരാകാശത്തേക്ക് പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചു വരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതിക തകരാര്‍ മൂലം അതിലുള്ള മടക്കയാത്ര നടന്നില്ല.

പിന്നീട് പകരം സംവിധാനം തയ്യാറാകുന്നതുവരെ അവര്‍ക്ക് ഐ.എസ്.എസില്‍ കഴിയേണ്ടി വന്നു. ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്സ് എക്‌സുമായി സഹകരിച്ചാണ് നാസ ഇപ്പോഴത്തെ തിരിച്ചു വരവ് സാധ്യമാക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.