വത്തിക്കാൻ സിറ്റി: ഇംഗ്ലണ്ടിലെ ചാൾസ് രാജാവും കാമില രാജ്ഞിയും ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിക്കുന്നതിനായി ഏപ്രിലിൽ വത്തിക്കാനിലേക്ക് യാത്ര തിരിക്കുമെന്ന് ബക്കിംഗ്ഹാം പാലസ്. ഇരുവരും ഏപ്രിൽ എട്ടിന് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
ജെമെല്ലി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയും ചാൾസ് രാജാവും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വത്തിക്കാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏപ്രിൽ ഏഴ് മുതൽ 10 വരെ രാജകുടുംബം ഇറ്റലിയിലായിരിക്കും.
സെന്റ് പോൾ ഔട്ട്‌സൈഡ് ദി വാൾസിന്റെ പേപ്പൽ ബസിലിക്കയും രാജാവ് സന്ദർശിക്കും. നവീകരണത്തിന് മുമ്പ് ഇംഗ്ലീഷ് രാജാക്കന്മാരുമായി ബസലിക്കക്ക് പ്രത്യേക ബന്ധമുണ്ടായിരുന്നതായി കൊട്ടാരം പറയുന്നു. ഹിസ് മജസ്റ്റിസ് ചാപ്പൽ റോയലിന്റെ ഗായക സംഘത്തിലെയും വിൻഡ്‌സറിലെ സെന്റ് ജോർജ്ജ് ചാപ്പലിന്റെ ഗായക സംഘത്തിലെയും അംഗങ്ങൾ ബസിലിക്കയിലും സിസ്റ്റൈൻ ചാപ്പലിലെ ശുശ്രൂഷയ്ക്കിടയിലും പരിപാടി അവതരിപ്പിക്കും.
ബ്രിട്ടനിൽ നിന്നും കോമൺവെൽത്തിൽ നിന്നുമുള്ള സെമിനാരി വിദ്യാർത്ഥികളുമായും ചാൾസ് മൂന്നാമൻ രാജാവ് സംവദിക്കും. സ്ത്രീകൾക്കെതിരായ മനുഷ്യക്കടത്തും ലൈംഗിക അതിക്രമവും തടയാൻ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്‌സ് ജനറലിൽ (IUSG) നിന്നുള്ള കത്തോലിക്കാ മതവിശ്വാസികളായ സ്ത്രീകളുമായി രാജ്ഞി കാമില കൂടിക്കാഴ്ച നടത്തും.
ഏപ്രിൽ ഒമ്പതിന് ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ നടത്തും. ഇറ്റാലിയൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ബ്രിട്ടീഷ് രാജാവായിരിക്കും ചാൾസ് മൂന്നാമൻ രാജാവ്. ഏപ്രിൽ 10 ന് വടക്ക് കിഴക്കൻ ഇറ്റാലിയൻ മേഖലയായ എമിലിയ-റൊമാഗ്നയിലെ റാവെന്നയിലേ സന്ദർശിക്കും. പ്രദേശത്തിന്റെ പരമ്പരാഗത ഉൽപ്പന്നങ്ങളും പാചകരീതിയും ഇരുവരും ആസ്വദിക്കും.
അതേസമയം ഫ്രാൻസിസ് മാർപാപ്പയുമായുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണ് നടക്കാന്‍ പോകുന്നത്. 2017-ലും 2019-ലും രാജകുമാരൻ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. "സമാധാനത്തിൻ്റെ മനുഷ്യൻ" എന്നാണ് ഫ്രാൻസിസ് മാർപാപ്പ ചാൾസ് രാജാവിനെ വിശേഷിപ്പിച്ചത്. 2025 ജൂബിലി വര്‍ഷത്തില്‍ ആഗോള ശ്രദ്ധ നേടിയ നിരവധി ലോക നേതാക്കളാണ് വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.