കൂട്ടപ്പിരിച്ചുവിടലിന് ശേഷം ഇന്‍ഫോസിസില്‍ അവസരപ്പെരുമഴ; രാജ്യത്തെ 40 ലധികം സെറ്റുകളിലേക്ക് ടെകികളെ തേടുന്നു

കൂട്ടപ്പിരിച്ചുവിടലിന് ശേഷം ഇന്‍ഫോസിസില്‍ അവസരപ്പെരുമഴ; രാജ്യത്തെ 40 ലധികം സെറ്റുകളിലേക്ക് ടെകികളെ തേടുന്നു

ന്യൂഡല്‍ഹി: സമീപ കാലത്തെ കൂട്ടപ്പിരിച്ചുവിടലിന്റെ പേരില്‍ വിവാദത്തിലായ രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. രാജ്യത്തെ 40-ലധികം സെറ്റുകളിലേക്കാണ് വിദഗ്ധരായ ടെക് തൊഴിലാളികളെ തേടുന്നത്. അതേസമയം എത്ര പേരെ നിയമിക്കുമെന്ന് കമ്പനി കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കോവിഡ് മൂലമുണ്ടായ ഒഴിവുകള്‍ നികത്താനാണ് ലക്ഷ്യമിടുന്നത്.

ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബര്‍ സുരക്ഷ, ജാവ പൈത്തണ്‍, ഡോട്ട്നെറ്റ്, ആന്‍ഡ്രോയിഡ്/ഐഒഎസ് ഡവലപ്മെന്റ്, ഓട്ടോമേഷന്‍ ടെസ്റ്റിങ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലാണ് നിയമനം നടത്തുന്നത്. വലിയ തോതിലുള്ള നിയമനങ്ങള്‍ക്കാണ് ഇന്‍ഫോസിസ് ഒരുങ്ങുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിനുള്ള സ്ഥലവും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന നഗരവും തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്ന രീതിയിലുള്ള ആശയവിനിമയവും നടന്നതായാണ് റിപ്പോര്‍ട്ട്.

കോവിഡ് മഹാമാരിയുടെ സമയത്തുണ്ടായ ഒഴിവുകള്‍ നികത്താനും പുതിയതും നിലവിലുള്ളതുമായ പ്രോജക്റ്റുകള്‍ ചെയ്യാനും ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 20,000 പേരെ നിയമിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷം കമ്പനി ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തിയിരുന്നു. കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലുള്ള 600 എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഫോസിസ് ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ ജോലി നല്‍കിയിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രാദേശികമായുള്ള റിക്രൂട്ട്‌മെന്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കര്‍ണാടകയിലുള്ള എന്‍ജിനീയറിങ് കോളജുകളില്‍ കമ്പനി വ്യാപകമായി അഭിമുഖങ്ങള്‍ നടത്തുന്നുണ്ട്.

അടുത്തിടെ മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കമ്പനി ഒറ്റയടിക്ക് പിരിച്ചുവിട്ടത് വിവാദമായിരുന്നു. മൈസൂരു കാമ്പസിലാണ് കൂട്ടപ്പിരിച്ചുവിടല്‍ നടന്നത്. ട്രെയിനികളായി ജോലി ചെയ്തിരുന്നവരെയാണ് പിരിച്ചുവിട്ടത്. ജീവനക്കാരുടെ നിലവാരം അളക്കുന്നതിനായി നടത്തുന്ന ഇന്റേണല്‍ അസസ്മെന്റ് പരീക്ഷയില്‍ വിജയിക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് പിരിച്ചുവിട്ടിരിക്കുന്നതെന്നാണ് കമ്പനിയുടെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.