'അമേരിക്കയുടെ സുരക്ഷാ ആയുധങ്ങള്‍ വേണ്ട'; യൂറോപ്യന്‍ രാജ്യങ്ങളുമായി ധാരണയ്‌ക്കൊരുങ്ങി കാനഡ

'അമേരിക്കയുടെ സുരക്ഷാ ആയുധങ്ങള്‍ വേണ്ട'; യൂറോപ്യന്‍ രാജ്യങ്ങളുമായി ധാരണയ്‌ക്കൊരുങ്ങി കാനഡ

ഒട്ടാവ: തീരുവ വിഷയത്തില്‍ ട്രംപ് നിലപാട് കര്‍ക്കശമാക്കിയതിന് പിന്നാലെ യുദ്ധ വിമാനം അടക്കമുള്ള സുരക്ഷാ ആയുധങ്ങള്‍ അമേരിക്കയില്‍ നിന്ന് വാങ്ങേണ്ടെന്ന തീരുമാനവുമായി കാനഡ.

യു.എസിന് പകരം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാനാണ് കാനഡയുടെ നീക്കം. യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി കാനഡ ചര്‍ച്ച തുടങ്ങിയതായി മുതിര്‍ന്ന കനേഡിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധ വിമാനങ്ങള്‍ കാനഡയില്‍ നിര്‍മിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം തിങ്കളാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായും കൂടിക്കാഴ്ച നടത്തിയ മാര്‍ക് കാര്‍ണി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയതായാണ് സൂചന.

വ്യത്യസ്ത രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാനും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം ശക്തമാക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് കാര്‍ണി വ്യക്തമാക്കിയിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ അമേരിക്കയുടെ എഫ് 35 യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നത് പുനപരിശോധിക്കാന്‍ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയറിന് കാര്‍ണി നിര്‍ദേശം നല്‍കി.

ഓസ്‌ട്രേലിയയില്‍ നിന്ന് 420 കോടിയുടെ റഡാര്‍ വാങ്ങുമെന്ന് ചൊവ്വാഴ്ച കാര്‍ണി പ്രഖ്യാപിച്ചിരുന്നു. സാബ് ഗ്രിപന്‍ യുദ്ധ വിമാനങ്ങളുടെ സംയോജനവും പരിപാലനവും കാനഡയില്‍ നടത്താമെന്ന നിര്‍ദേശം സ്വീഡന്‍ മുന്നോട്ടു വെച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.