വത്തിക്കാന്‍ സിറ്റി: ആശങ്കകള്‍ക്ക് വിട നല്‍കി നീണ്ട 37 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച (മാര്‍ച്ച് 23) ഡിസ്ചാര്‍ജ് ആകും. ഉച്ചയ്ക്ക് 12 ന് ജെമെല്ലി ആശുപത്രിക്ക് പുറത്ത് മാര്‍പാപ്പ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടും. അദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും അനുഗ്രഹം നല്‍കുകയും ചെയ്യും. ശേഷം വത്തിക്കാനിലേക്ക് മടങ്ങുമെന്ന് ഹോളി സീ പ്രസ് ഓഫീസ് അറിയിച്ചു.
മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. മാര്‍പാപ്പ ആരോഗ്യനില പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലെന്നും രണ്ട് മാസം വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് ആഴ്ചകള്‍ക്ക് ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയതായി വത്തിക്കാന്‍ സ്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 14 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം മാര്‍പാപ്പയുടെ ആദ്യ പൊതുദര്‍ശനമാണിത്. മാത്രമല്ല ഒരു മാസത്തിലധികം ആശുപത്രിയില്‍ ആയിരുന്നിട്ടും, മാര്‍പാപ്പ തന്റെ കര്‍ത്തവ്യങ്ങളില്‍ സജീവമായിരുന്നു. അദേഹം വിശ്വസികള്‍ക്ക് സന്ദേശങ്ങള്‍ അയച്ചു, വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു, തനിക്ക് ലഭിച്ച പ്രാര്‍ത്ഥനകള്‍ക്കും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതിനായി മാര്‍ച്ച് ആറിന് ഒരു ശബ്ദ സന്ദേശവും പുറത്ത് വിട്ടിരുന്നു. മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തിന്റെ 12-ാം വാര്‍ഷികം ആഘോഷിച്ചതും ആശുപത്രിവാസ കാലത്തായിരുന്നു.
വലിയ ആശങ്കകളിലൂടെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിശ്വാസി സമൂഹം കടന്നുപോയത്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ മാര്‍പാപ്പയുടെ സൗഖ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളിലായിരുന്നു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ജപമാലയര്‍പ്പണമടക്കം നടത്തിയിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് മാര്‍പാപ്പ നന്ദി അറിയിച്ചിരുന്നു. എത്രയും വേഗം അദേഹം സുഖമായി തിരിച്ചുവരുമെന്ന പ്രത്യാശയും വത്തിക്കാന്‍ വക്താവ് പങ്കുവച്ചിരുന്നു.
വത്തിക്കാന്‍ മീഡിയ അതിന്റെ യൂട്യൂബ് ചാനലിലൂടെ മാര്‍പാപ്പയുടെ ആശംസയുടെയും അനുഗ്രഹത്തിന്റെയും തത്സമയ സംപ്രേക്ഷണം നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.