തിരുവനന്തപുരം: സിസേറിയന്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ് മറന്നുവച്ച് തുന്നിയ സംഭവത്തില്‍ സ്ഥിരം ലോക് അദാലത്ത് കുറ്റക്കാരിയെന്ന് കണ്ട സര്‍ക്കാര്‍ ഡോക്ടര്‍ക്കെതരെ നടപടിക്ക് ആരോഗ്യവകുപ്പ്. വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന പരാതിയിലെ തീരുമാനം സര്‍ക്കാരിന് വിട്ടിരിക്കുകയാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ സുജ അഗസ്റ്റിന് എതിരെ പ്ലാമൂട്ടുക്കട സ്വദേശി ജിത്തുവാണ് സ്ഥിരം ലോക് അദാലത്തില്‍ കേസ് ഫയല്‍ ചെയ്തിരുന്നത്. ശസ്ത്രക്രിയ നടത്തിയ സമയത്ത് സര്‍ജിക്കല്‍ മോപ് ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയത് അറിയാതെ മുറിവ് തുന്നിച്ചേര്‍ത്തിരുന്നു.
അസഹ്യമായ വയറുവേദന, പനി, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയവ പതിവായതോടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ പലതവണ വീട്ടില്‍ പോയി കണ്ട് ചികിത്സ നടത്തി. എന്നാല്‍ വിശദമായ പരിശോധന നടത്തുന്നതിന് പകരം മരുന്നുകള്‍ നല്‍കി മടക്കി അയച്ചെന്നാണ് ലോക് അദാലത്തിന് ലഭിച്ച പരാതിയില്‍ പറയുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയ സ്ഥിരം ലോക് അദാലത്ത് ഡോ.സുജ അഗസ്റ്റിന്‍ കുറ്റക്കാരിയെന്ന് വിധിക്കുകയും മൂന്ന് ലക്ഷം രൂപ പിഴയും 10000 രൂപ ചികിത്സച്ചെലവും 5000 രൂപ കോടതിച്ചെലവും നല്‍കണമെന്ന് വിധിക്കുകയും ചെയ്തു.
എന്നാല്‍ ലോക് അദാലത്ത് കുറ്റക്കാരിയെന്ന് കണ്ട സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാത്തതിനെതിരെ പൊതുപ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് ആണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കാനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.