വത്തിക്കാൻ സിറ്റി: അഞ്ച് ആഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം ആദ്യമായി വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. റോമിലെ ജെമേല്ലി ആശുപത്രിയിലെ ജനാലയ്ക്കരികിലെത്തിയ മാർപാപ്പ അവിടെ കൂടിയിരുന്ന മൂവായിരത്തോളം ആളുകളെ കൈവീശി അഭിവാദ്യം ചെയ്യുകയും ആശീർവദിക്കുകയും ചെയ്തു.
വർണാഭമായ പൂക്കളും 'വെൽക്കം ഹോം' പോസ്റ്ററുകളും ഉയർത്തിക്കാട്ടിയാണ് ജനങ്ങൾ മാർപാപ്പയുടെ അഭിവാദനത്തോടു പ്രതികരിച്ചത്. അതേസമയം, മാധ്യമപ്രവർത്തകരുടെയിടയിൽ വിതരണം ചെയ്യപ്പെട്ട മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം വായിക്കപ്പെട്ടു. അതിൽ, സംഘർഷ മേഖലകളിലെ സമാധാനത്തിനായുള്ള തൻ്റെ ആഹ്വാനം പാപ്പാ പുതുക്കുകയും ആയുധങ്ങൾ നിശബ്ദമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
സമാധാനത്തിനായുള്ള ആഹ്വാനം
ഞായറാഴ്ചത്തെ സുവിശേഷ വായനയെ ആസ്പദമാക്കിയുള്ള വിചിന്തനങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങൾ മൂലം കഠിനമായ പീഡനമനുഭവിക്കുന്ന ജനങ്ങളോട് ബന്ധപ്പെടുത്തിയാണ് പരിശുദ്ധ പിതാവ് അവതരിപ്പിച്ചത്. ആശുപത്രി വാസത്തിലുടനീളം, ത്രികാല പ്രാർത്ഥനയോടനുബന്ധിച്ചു നൽകിയ സന്ദേശങ്ങളിൽ സമാധാനത്തിനായുള്ള തൻ്റെ ആഹ്വാനം പാപ്പാ ആവർത്തിച്ചിരുന്നു.
ഗാസ മുനമ്പിലെ ആക്രമണങ്ങൾ പുനരാരംഭിച്ചതിൽ താൻ അത്യധികം ദുഃഖിതനാണെന്നും ആയുധങ്ങൾ ഉടൻ നിശബ്ദമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഇരുവിഭാഗങ്ങളോടും അന്താരാഷ്ട്ര സമൂഹത്തോടും അഭ്യർത്ഥിക്കുന്നതായും പാപ്പാ പറഞ്ഞു.
തെക്കൻ കൊക്കേഷ്യൻ മേഖലയിലെ രാജ്യങ്ങളായ അർമേനിയയും അസർബയ്ജാനും സമാധാനത്തിനായി എടുത്ത ചുവടുവയ്പ്പുകളെ നന്ദിയോടെ അനുസ്മരിക്കുന്നവെന്ന് മാർപാപ്പ പറഞ്ഞു. ആ രാജ്യങ്ങൾ അന്തിമ സമാധാന ഉടമ്പടിയിലേക്ക് വേഗം നീങ്ങട്ടെയെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
ക്ഷമയുടെ സുവിശേഷം
മേലിൽ ഫലം നൽകിയേക്കാം എന്ന പ്രതീക്ഷയിൽ, വെട്ടിക്കളയുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട അത്തിവൃക്ഷത്തിന്റെ ഉപമയാണ് ഞായറാഴ്ചത്തെ വായനയിൽ ഉണ്ടായിരുന്നത്. മനുഷ്യവംശത്തെ ദൈവം ഇപ്രകാരമാണ് വീക്ഷിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. കരുണയോടും ക്ഷമയോടും മടുത്തു പോകാതെയുമാണ് ദൈവം നമ്മെ സ്നേഹിക്കുന്നത്. നമ്മുടെ അനുദിന ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളുടെ മധ്യത്തിലും പ്രത്യേകിച്ച്, കഷ്ടപ്പാടുകളുടെയും അനിശ്ചിതത്വങ്ങളുടെയും നടുവിൽ ഇതേ ക്ഷമയാണ് നാം വളർത്തിയെടുക്കേണ്ടതെന്ന് പാപ്പാ പറഞ്ഞു.
പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യത്തിൽ ശരണം വച്ചു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്. സഭയും ലോകവും സമാധാനത്തിന്റെ മാർഗ്ഗത്തിൽ ചരിക്കാനായി കൂടെയുണ്ടാകണമെന്ന് പരിശുദ്ധ മറിയത്തോട് പാപ്പ പ്രാർത്ഥിച്ചു.
തന്നോടൊപ്പം സമാധാനത്തിനായുള്ള പ്രാർത്ഥനയിൽ പങ്കുചേരാൻ മാർപാപ്പ വിശ്വാസികളെ ക്ഷണിച്ചു. യുദ്ധക്കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉക്രെയ്ൻ, പാലസ്തീൻ, ഇസ്രായേൽ, ലബനോൻ, മ്യാൻമർ, സുഡാൻ, റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലെ സമാധാനത്തിനായി തന്നോടൊപ്പം പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് ആഹ്വാനം നൽകി.
കൃതജ്ഞത
രണ്ടുമാസത്തെ രോഗാനന്തര വിശ്രമമാണ് ഡോക്ടർമാർ മാർപാപ്പയ്ക്ക് നിർദ്ദേശിച്ചിരിക്കുന്നത്. പ്രാർത്ഥനകളിലൂടെ തന്നെ താങ്ങിനിർത്തുകയും തങ്ങളുടെ സാമീപ്യം അറിയിക്കുകയും ചെയ്ത എല്ലാവരോടും പാപ്പാ നന്ദി പറഞ്ഞു. പകരം, തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.