ടിക്കറ്റ് ബുക്ക് ചെയ്താല്‍ എസ്എംഎസ്, വാട്സ്ആപ്പ് വഴി യാത്രക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറണം; വിമാന കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം

ടിക്കറ്റ് ബുക്ക് ചെയ്താല്‍ എസ്എംഎസ്, വാട്സ്ആപ്പ് വഴി യാത്രക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറണം; വിമാന കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം

ന്യൂഡല്‍ഹി: തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും യാത്രക്കാര്‍ക്ക് പൂര്‍ണമായ അറിവ് ഉണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ വിമാന കമ്പനികള്‍ക്കും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശം നല്‍കി.

യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാല്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ പാസഞ്ചര്‍ ചാര്‍ട്ടറിലേക്കുള്ള ഓണ്‍ലൈന്‍ ലിങ്ക് എസ്എംഎസ് അല്ലെങ്കില്‍ വാട്സ്ആപ്പ് വഴി വിമാന കമ്പനികള്‍ ഷെയര്‍ ചെയ്യണം.

കൂടാതെ യാത്രക്കാര്‍ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്ന് ഉറപ്പാക്കാന്‍ വിമാന കമ്പനികള്‍ ടിക്കറ്റുകളിലും വെബ്‌സൈറ്റുകളിലും ഈ വിവരങ്ങള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചു.

എയര്‍ലൈനിന്റെ തെറ്റായ മാനേജ്‌മെന്റിനെക്കുറിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍, ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ തുടങ്ങിയവര്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നിര്‍ദേശം. ശനിയാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ യാത്രയില്‍ കാല താമസം നേരിട്ടതാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറുടെ പരാതിക്കിടയാക്കിയത്.

ക്രിക്കറ്റ് താരം ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വിമാനത്തില്‍ കയറിയെങ്കിലും അതില്‍ പൈലറ്റ് ഉണ്ടായിരുന്നില്ല. ഇതുമൂലം മണിക്കൂറുകളോളമാണ് വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ വൈകിയത്.

'പൈലറ്റുമാരില്ലാത്ത ഒരു വിമാനത്തില്‍ ഞങ്ങള്‍ കയറി. മണിക്കൂറുകളോളം വിമാനത്തില്‍ കാത്തിരുന്നു. വിമാനത്തിന് പൈലറ്റുമാരില്ലെന്ന് അറിഞ്ഞുകൊണ്ട് നിങ്ങള്‍ എന്തിനാണ് യാത്രക്കാരെ കയറ്റുന്നത്?'- വാര്‍ണര്‍ എക്‌സില്‍ തന്റെ ദുരനുഭവം പങ്കുവച്ചു.

മോശം സേവനത്തിന്റെ പേരില്‍ ഇന്‍ഡിഗോയെയാണ് ഹര്‍ഷ ഭോഗ്ലെ കുറ്റപ്പെടുത്തിയത്. ഒരു ദിവസം ഇന്‍ഡിഗോ ജീവനക്കാരെ തന്റെ വീട്ടിലേക്ക് അത്താഴത്തിന് ക്ഷണിച്ചേക്കാമെന്നും എന്നാല്‍ മേശ ഒരുക്കി ഭക്ഷണം തയ്യാറാകുന്നതുവരെ അവരെ പുറത്ത് കാത്തു നില്‍ക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നും ഹര്‍ഷ ഭോഗ്ലെ തമാശ രൂപേണ പറഞ്ഞു. മോശം പെരുമാറ്റം എന്ന ഹാഷ് ടാഗോടെയാണ് ഹര്‍ഷ ഭോഗ്ലെ ഇന്‍ഡിഗോയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.