നിലവിലെ സാഹചര്യത്തില്‍ മണ്ഡല പുനര്‍നിര്‍ണയം ഉണ്ടാകുന്ന പക്ഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ സീറ്റുകളുടെ എണ്ണം കൂടുകയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുറയുകയും ചെയ്യും.
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന ലോക്‌സഭാ മണ്ഡല പുനര്‍ നിര്‍ണയം രാജ്യത്ത് പ്രധാന ചര്‍ച്ചാ വിഷയമാണ്. പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഏറെ നെഞ്ചിടിപ്പോടെയാണ് ഈ വിഷയത്തെ നോക്കി കാണുന്നത്. കാരണം കേന്ദ്ര സര്‍ക്കാര്‍ 2026 ല്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്ന ജനസംഖ്യാനുപാതത്തിലുള്ള മണ്ഡല പുനരേകീകരണത്തില്‍ നഷ്ടമുണ്ടാവുക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ്.
അത് എങ്ങനെയെന്ന് പരിശോധിക്കാം:
ജനസംഖ്യാ വളര്‍ച്ചയില്‍ ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള വലിയ അന്തരമാണ് മുഖ്യ കാരണം. ദേശീയ ജനസംഖ്യാ വളര്‍ച്ചയില്‍ സ്ഥിരത നിലനിര്‍ത്തുന്ന ടോട്ടല്‍ ഫെര്‍റ്റിലിറ്റി റേറ്റ് (ടി.എഫ്.ആര്‍), അതായത് മൊത്തം പ്രത്യുത്പാദന നിരക്ക് 2.1 കുട്ടികള്‍ എന്നതാണ്. എന്നാല്‍ 2023-24 ലെ സാമ്പത്തിക സര്‍വേ പ്രകാരം മിക്കവാറും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രസ്തുത നിരക്കിന് മുകളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വളരെ താഴെയുമാണ്.
ഉത്തര്‍പ്രദേശിലെ പ്രത്യുത്പാദന നിരക്ക് 2.4 ലും ബിഹാറില്‍ മൂന്നുമാണ്. മറ്റ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് പ്രത്യുത്പാദന നിരക്ക്. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം 1.8, തമിഴ്‌നാട് 1.7, കര്‍ണാടക 1.8, ആന്ധ്രാപ്രദേശ് 1.7 എന്നിങ്ങനെയാണ് വളര്‍ച്ചയുടെ നിരക്ക്. ഈ കണക്കാണ് വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ നെഞ്ചിടിപ്പേറ്റുന്നത്.
നിലവിലെ സാഹചര്യത്തില്‍ മണ്ഡല പുനര്‍നിര്‍ണയം ഉണ്ടാകുന്ന പക്ഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ സീറ്റുകളുടെ എണ്ണം കൂടുകയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുറയുകയും ചെയ്യും. ഭരണഘടനയുടെ 81 (2) അനുഛേദത്തിലാണ് ലോക്‌സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തെപ്പറ്റി വിവരിക്കുന്നത്. അതുപ്രകാരം സംസ്ഥാനങ്ങളിലെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലെയും ജനസംഖ്യാ അനുപാതം കഴിയുന്നത്ര തുല്യമാകണം.
ഓരോ മണ്ഡലത്തിലെയും ജനസംഖ്യയും സംസ്ഥാനത്തിന് അനുവദിച്ച സീറ്റുകളുടെ എണ്ണത്തിലെ അനുപാതവും കഴിയുന്നത്ര സ്ഥിരമാകും വിധം ഓരോ സംസ്ഥാനവും മണ്ഡലങ്ങളായി വിഭജിക്കപ്പെടണം. അതിനുള്ള ജനസംഖ്യ കണക്കാക്കേണ്ടത് തൊട്ടു മുന്‍പുള്ള സെന്‍സസിന്റെ അടിസ്ഥാനത്തിലാകണമെന്നും പ്രസ്തുത അനുഛേദം വ്യക്തമാക്കുന്നു. നിയമസഭകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തെക്കുറിച്ച് 170 (2) അനുഛേദവും പരാമര്‍ശിക്കുന്നു.
ഓരോ സെന്‍സസിന് ശേഷവും സീറ്റുകളുടെ എണ്ണം പുനക്രമീകരിക്കണമെന്ന് 82-ാം അനുഛേദവും അനുശാസിക്കുന്നുണ്ട്. മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിനുള്ള അധികാരം പാര്‍ലിമെന്റിനാണെന്ന് 327-ാം അനുഛേദത്തിലും പരാമര്‍ശിക്കുന്നു. അങ്ങനെ ആദ്യ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ 1952 ലും പിന്നീട് 1962, 1972, 2002 വര്‍ഷങ്ങളിലും ഉണ്ടായി.
ജനസംഖ്യാടിസ്ഥാനത്തില്‍ സീറ്റുകള്‍ പുനര്‍നിര്‍ണയിക്കുന്നതിലും സീറ്റുകളുടെ എണ്ണം തീരുമാനിക്കുന്നതിലും ആദ്യ മൂന്ന് ഡീലിമിറ്റേഷന്‍ കമ്മീഷനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. എന്നാല്‍ പിന്നീടുണ്ടായ 42-ാം ഭരണഘടനാ ഭേദഗതിയോടെ ചിത്രം മാറി മറിഞ്ഞു. ഇതുപ്രകാരം 2001 ലെ സെന്‍സസ് വിവരങ്ങള്‍ പുറത്തു വിടുന്നത് വരെ മണ്ഡല പുനര്‍നിര്‍ണയ പ്രക്രിയ മാറ്റി വെക്കുകയായിരുന്നു.
ജനസംഖ്യാ നിയന്ത്രണ നടപടികള്‍ സ്വീകരിച്ച സംസ്ഥാനങ്ങളെ ശിക്ഷിക്കരുതെന്നും ജനസംഖ്യാ നിയന്ത്രണ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നത് അയോഗ്യതയായി കാണരുതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഭരണഘടനാ ഭേദഗതി കൊണ്ടു വന്നത്.
2001 ലെ ജനസംഖ്യാ സെന്‍സസ് പ്രകാരം ലോക്‌സഭ, നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തികളില്‍ മാറ്റം വരുത്തിയിരുന്നെങ്കിലും 1971 ലെ സെന്‍സസ് പ്രകാരം തീരുമാനിച്ച ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം മാറ്റിയില്ല. 2002 ലെ 84-ാം ഭരണഘടനാ ഭേദഗതിയിലൂടെ മണ്ഡല പുനര്‍നിര്‍ണയം വീണ്ടും മാറ്റി വെച്ചു. 2026 ന് ശേഷമുള്ള ആദ്യ സെന്‍സസ് വരെ മാറ്റി വെക്കുന്നു എന്നായിരുന്നു ആ ഭേദഗതി.
2026 ഓടെ ജനന നിരക്കും മരണ നിരക്കും സ്ഥിരത കൈവരിച്ച് രാജ്യത്താകമാനം തുല്യ ജനസംഖ്യാ വളര്‍ച്ചയായി മാറുമെന്ന് കണക്കുകൂട്ടിയാണ് ഇപ്രകാരം ചെയ്തത്. എന്നാല്‍ ജനസംഖ്യാ വളര്‍ച്ചയില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ടെന്ന് മേല്‍ പറഞ്ഞ കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാട് നിയമസഭ മാത്രമാണ് ഇതിനകം പ്രമേയം പാസാക്കിയിട്ടുള്ളത്. 1971 ലെ ജനസംഖ്യാ സെന്‍സസ് മാനദണ്ഡമാക്കിയാകണം മണ്ഡല പുനര്‍നിര്‍ണയമെന്നും അല്ലാതെ 2026 ലോ അതിന് ശേഷമോ നടക്കുന്ന സെന്‍സസ് ആകരുത് മാനദണ്ഡമെന്നും തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല, ഈ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ പടയൊരുക്കത്തിനുള്ള ഉറച്ച നിലപാടിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ അദേഹം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നീങ്ങാനാണ് സമ്മേളനം ഏകകണ്ഠമായെടുത്ത തീരുമാനം.
അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രോ-റേറ്റാ (ആനുപാതികമായ) അടിസ്ഥാനത്തില്‍ അധിക മണ്ഡലങ്ങള്‍ ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ നിലവിലെ പാര്‍ലമെന്റ് സീറ്റുകളുടെ ശതമാനത്തെ അടിസ്ഥാനമാക്കിയാണോ അതല്ല, ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കിയാണോ പ്രോ-റേറ്റാ സംവിധാനം നടപ്പില്‍ വരുത്തുന്നതെന്ന കാര്യത്തില്‍ വ്യക്തത നല്‍കാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. ഈ രണ്ട് രീതിയില്‍ ആയാലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യ നഷ്ടമാണ് ഉണ്ടാവുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.