ഇത്തവണയും പതിവ് തെറ്റിയില്ല. ബിഹാറില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടികളില്‍ തടിച്ചു കൂടിയ ജനക്കൂട്ടം വോട്ടായി മാറിയില്ല. മുമ്പ് തിരഞ്ഞെടുപ്പ് നടന്ന പല സംസ്ഥാനങ്ങളിലും ഇത് കണ്ടതാണ്.
മോഡിയെപ്പോലെ തന്നെ, ചില പൊതുയോഗങ്ങളില്‍ അതിലുമേറെ ആളുകളെ കൂട്ടാന്‍ കരിഷ്മയുള്ള നേതാവാണ് രാഹുല്‍ ഗാന്ധി. പക്ഷേ, അതൊന്നും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നില്ല എന്നതാണ് വാസ്തവം.
ഗുരുതരമായ വോട്ട് മോഷണ ആരോപണവും ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണവും (എസ്ഐആര്‍) ഉയര്‍ത്തി കാട്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചരണമായിരുന്നു മഹാ സഖ്യത്തിന്റേത്. എന്നാല്‍ അതൊന്നും വലിയ ചലനം സൃഷ്ടിച്ചില്ല എന്നാണ് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്.
മാത്രമല്ല, പ്രതിപക്ഷ സഖ്യത്തിന്റെ മുഖവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായിരുന്ന ആര്‍ജെഡി നേതാവ് തേജസ്വി യാദവിന് യുവ വോട്ടര്‍മാര്‍ക്കിടയിലെ സ്വീകാര്യതയും വോട്ടായി മാറിയില്ല. ബിഹാറില്‍ പണ്ടേ ദുര്‍ബലമായി തീര്‍ന്ന കോണ്‍ഗ്രസും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നഷ്ടമായ അടിത്തറ വിപുലപ്പെടുത്താനാകാത്ത ആര്‍ജെഡിയും ദയനീയ പരാജയം ചോദിച്ചു വാങ്ങുകയായിരുന്നു.
ഈ രണ്ട് പാര്‍ട്ടികള്‍ക്കൊപ്പം താരതമ്യേന ദുര്‍ബലരായ സിപിഐ, സിപിഎം, സിപിഐ(എംഎല്‍), മുകേഷ് സാഹ്നിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, ഇന്ദ്രജീത് പ്രസാദ് ഗുപ്തയുടെ ഇന്ത്യന്‍ ഇന്‍ക്ലുസീവ് പാര്‍ട്ടി തുടങ്ങിയവ പാര്‍ട്ടികളായിരുന്നു മഹാ സഖ്യത്തിലുണ്ടായിരുന്നത്. അതില്‍ തന്നെ ആര്‍ജെഡിയുടെ കരുത്തിലായിരുന്നു സഖ്യത്തിന്റെ നിലനില്‍പ്പ്.
ജാതി രാഷ്ട്രീയം കൊടികുത്തി വാഴുന്ന ബിഹാറില്‍ യാദവ-മുസ്ലീം വോട്ടു ബാങ്ക് എന്ന ബെല്‍റ്റിനെ മാത്രം ആശ്രയിച്ചു നിന്ന ആര്‍ജെഡിക്ക് മറ്റ് പ്രബല വിഭാഗങ്ങളിലേക്ക് കടന്നു ചെല്ലാനായില്ല എന്നതും പ്രധാന പരാജയ കാരണമാണ്. ചുരുക്കി പറഞ്ഞാല്‍ പതിവ് സ്വാധീന മേഖലകള്‍ക്ക് പുറത്ത് അതീവ ദുര്‍ബമായിരുന്നു ആര്‍ജെഡിയുടെ സംഘടനാ ശക്തി.
മറു പക്ഷത്ത് നിതീഷ് കുമാറിനെ പൂര്‍ണമായും അംഗീകരിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണമായിരുന്നു എന്‍ഡിഎ നടത്തിയത്. 'സുശാസന്‍ ബാബു' (നല്ല ഭരണാധികാരി) എന്ന് ബിഹാറികള്‍ വിളിക്കുന്ന നിതീഷിനെ അദേഹം ആവശ്യപ്പെടുന്നത് നല്‍കി ഒപ്പം നിര്‍ത്തിയില്ലെങ്കില്‍ ബിഹാര്‍ മാത്രമല്ല, കേന്ദ്ര ഭരണം കൂടി തുലാസിലാകും എന്ന തിരിച്ചറിവ് ബിജെപി ദേശീയ നേതൃത്വത്തിനുണ്ട്.
അതുകൊണ്ടാണ് ബിജെപിക്കൊപ്പം സീറ്റ് ജെഡിയുവിനും വേണമെന്ന നിതീഷിന്റെ പിടിവാശിക്ക് മുന്നില്‍ കീഴടങ്ങി ഇരു പാര്‍ട്ടികളും 101 സീറ്റുകള്‍ വീതം പങ്കിട്ടത്. നിതീഷ് കുമാറിനെ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനും ബിജെപി രണ്ടാമതൊന്ന് ആലോചിച്ചില്ല. കാരണം നിതീഷിന്റെ മലക്കം മറിയുന്ന രാഷ്ട്രീയ ചരിത്രം ബിജെപിക്ക് നന്നായറിയാം.
ഭരണ വിരുദ്ധ വികാരം ബിഹാറില്‍ ഇത്തവണയും കാര്യമായുണ്ടായില്ല എന്നതും എന്‍ഡിഎയുടെ കുതിപ്പിന് ആക്കം കൂട്ടി. ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനും റോഡുകള്‍, പാലങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനും നിതീഷ് പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. മാത്രമല്ല, വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലും വലിയ പുരോഗതിയുണ്ടാക്കി. കൊണ്ടു വന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണവും സൈക്കിള്‍ വിതരണ പദ്ധതിയും സമ്പൂര്‍ണ മദ്യ നിരോധനവും സ്ത്രീ വോട്ടര്‍മാരെ ഏറെ സ്വാധിനിച്ചു.
വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ബിഹാറിലെ ജനങ്ങളുടെ പിന്തുണ ഉറപ്പാക്കാനും സംസ്ഥാന ഭരണത്തില്‍ തന്റെ സ്ഥാനം നിലനിര്‍ത്താനും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിതീഷ് കുമാറിന് സാധിക്കുന്നുണ്ട്. 'കുര്‍സി കുമാര്‍' എന്നൊക്കെ എതിരാളികള്‍ പരിഹസിക്കാറുണ്ടെങ്കിലും ബിഹാറികള്‍ക്ക് അദേഹം 'സുശാസന്‍ ബാബു' ആണ് എന്നതാണ് അതിന് കാരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.