കൻസാസ്: അമേരിക്കയിലെ കൻസാസിലെ കാപ്പിറ്റോൾ മന്ദിരത്തിൽ ഗർഭഛിദ്ര അവകാശങ്ങൾക്കായി സാത്താനികമായ കറുത്ത കുർബാന നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. സാത്താനിക് ഗ്രോട്ടോ സംഘടിപ്പിക്കുന്ന കറുത്ത കുർബാന രാവിലെ 11 മണിയോടെയാണ് ആരംഭിക്കുക.
കറുത്ത കുർബാനയെ ചെറുക്കുന്നതിനായി കൻസാസ് സിറ്റിയിലെ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ കാപ്പിറ്റോളിന് എതിർവശത്തുള്ള അസംപ്ഷൻ കാത്തലിക് പള്ളിയിൽ ദിവ്യകാരുണ്യ ആരാധന നടത്തുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. വിചിത, സലീന, ഡോഡ്ജ് സിറ്റി എന്നീ രൂപതകളിലും ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുർബാനയും നടത്തും.
ആസൂത്രിതമായ സാത്താനിക ആചാരം എല്ലാ ക്രിസ്ത്യാനികളെയും അപമാനിക്കുന്നതാണെന്ന് ആർച്ച് ബിഷപ്പ് നൗമാൻ പറഞ്ഞു. “വിശുദ്ധ കുർബാനയ്ക്കിടെ തന്നെ നിന്ദിക്കുന്നവരെയും യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരെ പരിഹസിക്കുന്നവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കും. എല്ലാത്തിനുമുപരി കാൽവരിയിൽ യേശു തന്റെ സ്വർഗസ്ഥനായ പിതാവിനോട് തങ്ങൾ ചെയ്യുന്നതെന്താണെന്ന് അറിയാത്തതിനാൽ തന്നെ ക്രൂശിച്ചവരോട് ക്ഷമിക്കണമെന്ന് അപേക്ഷിച്ചു. അതേ മാതൃക തങ്ങളും സ്വീകരിച്ചു." ആർച്ച് ബിഷപ്പ് നൗമാൻ പറഞ്ഞു.
“കത്തോലിക്കർ സാത്താനെയും അവന്റെ തന്ത്രങ്ങളെയും ശക്തിയെയും കുറച്ചുകാണരുത്. എന്നിരുന്നാലും നാം യേശുവിനോട് ചേർന്നുനിൽക്കുന്നിടത്തോളം കാലം പിശാചിനെ ഭയപ്പെടേണ്ടതില്ല. സുവിശേഷത്തിലുടനീളം നമ്മുടെ കർത്താവിന് പിശാചുക്കളുടെ മേലുള്ള അധികാരം നാം കാണുന്നുണ്ട്.” ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
അമേരിക്കൻ സൊസൈറ്റി ഫോർ ദി ഡിഫൻസ് ഓഫ് ട്രെഡിഷൻ, ഫാമിലി ആൻഡ് പ്രോപ്പർട്ടി സംഘടനയുടെ കീഴിലുള്ള ടിഎഫ്‌പി സ്റ്റുഡന്റ് ആക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് പ്രാർത്ഥനായജ്ഞവും പ്രതിഷേധ പരിപാടിയും നടത്തും. കാപ്പിറ്റോൾ മൈതാനത്തെയും നിയമനിർമാണ സഭയെയും സാത്താന് സമർപ്പിക്കുന്നതിനായുള്ള നീക്കത്തിനെതിരെ ശക്തമായി ശബ്ദമുയർത്താനാണ് സംഘടനയുടെ തീരുമാനം.
കറുത്ത കുർബാന തടയുന്നതിന് ഇടപെടൽ ആവശ്യപ്പെട്ട് പതിനായിരങ്ങൾ ഒപ്പിട്ട നിവേദനം ഗവർണർ ലോറ കെല്ലിക്ക് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പരിപാടിയെക്കുറിച്ചുള്ള ആശങ്കകൾ അറിയിച്ച് കെല്ലി പ്രസ്താവന പുറപ്പെടുവിച്ചിരിന്നു. വിഷയത്തിൽ ആശങ്കയുണ്ടെന്നും എന്നാൽ തന്റെ ഓഫീസിന് പരിപാടി തടയാൻ കഴിയില്ലെന്നുമായിരിന്നു ഗവർണറുടെ വ്യാഖ്യാനം. പവിത്രമായ വിശ്വാസ ചിഹ്നങ്ങളെ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യാതെ പ്രതിഷേധിക്കാനും വിയോജിപ്പുകൾ പ്രകടിപ്പിക്കാനും കൂടുതൽ ക്രിയാത്മകമായ മാർഗങ്ങളുണ്ടായിരിന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഉള്ളടക്കം എത്ര കുറ്റകരമോ അരോചകമോ ആണെന്ന് തോന്നിയാലും ഗവർണർ എന്ന നിലയിൽ പ്രതിഷേധക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങളായ സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട കടമ തനിക്കുണ്ട്. ഈ അവകാശങ്ങൾ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ അത്തരം നടപടികൾക്കെതിരെ പ്രതികരിക്കാൻ ഗവർണറുടെ ഓഫീസിന് പരിമിതമായ അധികാരമേയുള്ളൂ. സ്റ്റേറ്റ്ഹൗസിനുള്ളിൽ കറുത്ത കുർബാന അനുവദിക്കില്ലെന്നും ഗവർണർ പ്രഖ്യാപിച്ചു.
കൻസാസിൽ പൈശാചികമായ സാത്താൻ ആരാധന നടത്തുവാൻ സാത്താനിക സംഘം പദ്ധതിയിട്ട സാഹചര്യത്തിൽ പ്രാർത്ഥനയ്ക്ക് ആഹ്വാനവുമായി കത്തോലിക്ക മെത്രാന്മാർ നേരത്തെ രംഗത്ത് വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.