തിരുവനന്തപുരം: കുട്ടികളില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗവും അക്രമോത്സുകതയും തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ കൊണ്ട് മാത്രം കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം ചെറുക്കുന്നത് സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തെയൊന്നാകെ ഗൗരവമായി ബാധിക്കുന്ന വിഷയമാണിതെന്നും എല്ലാവരുടെയും കൂട്ടായ പ്രയത്‌നം ഇതിനെതിരെ ആവശ്യമാണെന്നും അദേഹം പറഞ്ഞു.
കുട്ടികളിലും യുവാക്കളിലും കണ്ടു വരുന്ന ഇപ്പോഴത്തെ പ്രവണതകള്‍ക്ക് സാമൂഹിക, മാനസിക, വൈകാരിക തലങ്ങള്‍ കൂടിയുണ്ട്. ലഹരിയെ പൂര്‍ണമായി ഇല്ലാതാക്കുന്നതിന് നിയമത്തിനൊപ്പം സാമൂഹികമായ ഇടപെടലുകള്‍ കൂടി ആവശ്യമാണ്.
അത് ഏതൊക്കെ തരത്തില്‍ എങ്ങനെയൊക്കെ ആവണമെന്ന് കൂട്ടായ ചര്‍ച്ചയിലൂടെ ആലോചിച്ച് കണ്ടെത്താനാവണമെന്നും അതിനുള്ള ക്രിയാത്മക നിര്‍ദേശങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനശാസ്ത്രജ്ഞര്‍, കലാപ്രവര്‍ത്തകര്‍, വിവിധ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ തുടങ്ങി കുട്ടികളുമായി ഇടപെടുന്ന എല്ലാ വിഭാഗത്തില്‍ പെട്ടവരുടെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തത്.
വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തില്‍ കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കൂടുതലായും നടക്കുന്നത്. അതോടൊപ്പം കുട്ടികളില്‍ അക്രമ വാസന വര്‍ധിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ആഗോളതലത്തില്‍ തന്നെ ഉണ്ടായിരിക്കുന്ന പ്രതിഭാസമാണ് കുട്ടികളിലെ വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
2011 ല്‍ ലോകത്താകെ 24 കോടി ജനങ്ങളായിരുന്നു ലഹരി ഉപയോഗിച്ചിരുന്നതെങ്കില്‍ പത്തുവര്‍ഷംകൊണ്ട് അത് 296 കോടിയായി വര്‍ധിച്ചു എന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1173 ശതമാനമാണ് ലഹരി ഉപയോഗത്തില്‍ ആഗോളതലത്തില്‍ ഉണ്ടായ വര്‍ധനവ്.
മയക്കുമരുന്നുകളുടെ ഉപയോഗവും വ്യാപനവും കടത്തും ലോകമാകെ നേരിടുന്ന പ്രശ്നമാണ്. നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്ന നിലപാടെടുത്ത് കൈയും കെട്ടി നിഷ്‌ക്രിയരായി ആ പ്രശ്നത്തെ നോക്കിയിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഠന സമ്മര്‍ദ്ദമുള്ള കുട്ടികളെ ലഹരി ഏജന്റുമാര്‍ക്ക് എളുപ്പം വലയിലാക്കാന്‍ കഴിയുന്നു. കുട്ടികള്‍ക്ക് സന്തോഷകരമായ അന്തരീക്ഷം കുടുംബങ്ങളില്‍ നഷ്ടപ്പെടുന്നതിന്റെ പരിണിതഫലമായി മയക്കുമരുന്ന് ഉപയോഗം മാറുകയാണ്.
പല കുടുംബങ്ങളും കുട്ടികളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് തുറന്നു പറയാന്‍ തയ്യാറാവുന്നില്ലെന്നും കുടുംബമൊന്നാകെ വിഷമകരമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന അവസ്ഥയാണ് ഉണ്ടാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.