ബജ്രംഗി ബെല്‍രായി; മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങള്‍ വെട്ടി; റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ തിയറ്ററുകളിലെത്താന്‍ വൈകും

ബജ്രംഗി ബെല്‍രായി; മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങള്‍ വെട്ടി; റീ എഡിറ്റ് ചെയ്ത എമ്പുരാന്‍  തിയറ്ററുകളിലെത്താന്‍ വൈകും

കൊച്ചി: വിവാദമായ മോഹന്‍ലാല്‍-പ്രിഥ്വിരാജ് ചിത്രം എമ്പുരാന്റെ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയറ്ററുകളിലെത്താന്‍ വൈകും.

എഡിറ്റിങും സെന്‍സറിങും പൂര്‍ത്തിയായെങ്കിലും സാങ്കേതികമായ നടപടിക്രമങ്ങള്‍ ഇനിയുമുള്ളതാണ് കാലതാമസത്തിന് കാരണം. വെട്ടിമാറ്റലിന് ശേഷമുള്ള എമ്പുരാന്‍ തീയറ്ററുകളില്‍ എത്താന്‍ കുറഞ്ഞത് രണ്ട് ദിവസം കൂടി വേണ്ടി വരുമെന്നാണ് അറിയുന്നത്.

റീ എഡിറ്റിങ് കഴിഞ്ഞ ശേഷം ഞായറാഴ്ച രാത്രി തന്നെ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് എമ്പുരാനിലെ മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങളാണ് വെട്ടി മാറ്റിയത്.

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഉള്‍പ്പെടെയുള്ളവയാണ് ഒഴിവാക്കിയത് എന്നാണ് വിവരം. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ബജ്രംഗിയുടെ പേര് മാറ്റി ബെല്‍രാജെന്നുമാക്കിയിട്ടുണ്ട്. നിര്‍മാതാക്കള്‍ തന്നെ ചിത്രത്തിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു.

സംഘപരിവാറിന്റെ ഭാഗത്തുനിന്ന് വ്യാപകമായ പരാതിയും പ്രതിഷേധവും ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു എന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്താണ് മോഡിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

അവധി ദിവസത്തിലാണ് റീ എഡിറ്റിങും സെന്‍സറിങും നടന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയെച്ചൊല്ലിയുള്ള പ്രതിഷേധവും വ്യാപകപരാതികളും ദേശീയ തലത്തിലടക്കം ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് നിര്‍മാതാക്കള്‍ സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്. തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ അടിയന്തര ഇടപെടലില്‍ അവധി ദിവസത്തില്‍ തന്നെ റീ എഡിറ്റിങ് നടത്തുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.