ന്യൂഡല്‍ഹി: ലണ്ടനില്‍ നിന്ന് മുംബൈയിലേക്കു പുറപ്പെട്ട വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനം തുര്‍ക്കിയിലെ ഡിയാര്‍ ബക്കര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതിനെ തുടര്‍ന്ന് ദുരിതത്തിലായ ഇരുനൂറിലധികം ഇന്ത്യന്‍ യാത്രക്കാര്‍ 50 മണിക്കൂര്‍ പിന്നിട്ടിട്ടും വിമാനത്താവളത്തില്‍ തുടരുന്നു.
ഏപ്രില്‍ രണ്ടിന് ലണ്ടനില്‍ നിന്ന് പുറപ്പെട്ട വിര്‍ജിന്‍ അറ്റ്ലാന്റിക് ഫ്ളൈറ്റാണ് യാത്രക്കാരില്‍ ഒരാള്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടായതിനെ തുടര്‍ന്ന് തുര്‍ക്കിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
പരിമിതമായ സൗകര്യങ്ങളുള്ള ചെറിയ വിമാനത്താവളമാണ് തുര്‍ക്കിയിലെ ഡിയാര്‍ ബക്കര്‍ എയര്‍പോര്‍ട്ട്. വിമാനത്താവളത്തില്‍ ഭക്ഷണം, വെള്ളം, തുടങ്ങിയ അവശ്യ സേവനങ്ങളുടെ അഭാവം യാത്രക്കാരെ വലച്ചു. വിമാനത്താവളത്തില്‍ കാത്തിരിക്കുന്ന ഇരുനൂറിലധികം യാത്രക്കാര്‍ക്ക് ഒരു ടോയ്ലറ്റ് മാത്രമാണ് ലഭിച്ചത്. രാത്രിയില്‍ പുതപ്പുകള്‍ പോലും നല്‍കിയിട്ടില്ലെന്നും പരാതിയുണ്ട്.
വിമാനത്തിലെ യാത്രക്കാരിലൊരാള്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ലാന്‍ഡിങിനിടെ വിമാനത്തിന് സാങ്കേതിക തകരാര്‍ നേരിട്ടതാണ് യാത്രക്കാരെ കുടുക്കിയത്. വിമാനത്താവളം ഒരു സൈനിക താവളമായതിനാല്‍ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.
വിമാനത്തിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ തുര്‍ക്കിയിലെ വിമാനത്താവളത്തില്‍ ഇല്ലാത്തതിനാല്‍ രണ്ട് ദിവസത്തിലധികമായി വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ് യാത്രക്കാര്‍. ബന്ധുക്കളുമായി ആശയ വിനിമയം നടത്താനും കഴിയാത്ത സാഹചര്യത്തിലാണ് യാത്രക്കാര്‍ എന്നാണ് പുറത്തു വരുന്ന വിവരം. യാത്രക്കാരില്‍ കുട്ടികളും സ്ത്രീകളും രോഗികളുമുണ്ട്.
യാത്രക്കാരെ തിരിച്ച് മുബൈയില്‍ എത്തിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് വിമാനക്കമ്പനി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇനിയും വ്യക്തത കൈവരാത്തത് യാത്രക്കാരെ ആശങ്കാകുലരാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.