മംഗള്‍യാന്‍ 2: ചരിത്രമെഴുതാന്‍ നേരെ ചൊവ്വയിലെത്തും

മംഗള്‍യാന്‍ 2: ചരിത്രമെഴുതാന്‍ നേരെ ചൊവ്വയിലെത്തും

ചെന്നൈ: ഇന്ത്യയുടെ മംഗള്‍യാന്‍ 2 പേടകം ചൊവ്വയെ ഭ്രമണം ചെയ്യാതെ നേരിട്ട് ചൊവ്വയുടെ പ്രതലത്തില്‍ ഇറങ്ങും. ആദ്യമായാണ് ഇത്തരത്തിലുള്ള ഗ്രഹാന്തര ദൗത്യത്തിന് ഇന്ത്യ സജ്ജമാകുന്നത്. ഐ.എസ്.ആര്‍.ഒയുടെ രണ്ടാമത്തെ ചൊവ്വാ ദൗത്യമാണ് മംഗള്‍യാന്‍ 2.

ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.വി.നാരായണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗളൂരുവിലെ നവരത്‌ന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. ദൗത്യത്തിന്റെ തിയതി പ്രഖ്യാപിച്ചിട്ടില്ല. മംഗള്‍യാന്‍ 2 വിജയിച്ചാല്‍ അമേരിക്ക,ചൈന,റഷ്യ എന്നിവയുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടും.

ചന്ദ്രയാന്‍ 3 പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതില്‍ നിന്ന് വ്യത്യസ്തമാണിത്. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡറും ഹെലികോപ്റ്ററും ആണ് രണ്ടാം ദൗത്യത്തില്‍ ഉള്ളത്. 4500 കിലോഗ്രാം ഭാരമുള്ള പേടകം എല്‍.വി.എം 3 റോക്കറ്റ് ഉപയോഗിച്ച് ഭൂമിയുടെ 190 കിലോമീറ്റര്‍ അടുത്തും 35786 കിലോമീറ്റര്‍ അകന്നും വരുന്ന ഭ്രമണപഥത്തിലെത്തിക്കും. അവിടെ നിന്ന് ഭ്രമണപഥം വലുതാക്കി ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് നീങ്ങും. ഇതിനെ ക്രൂയ്‌സ് ഘട്ടമെന്നാണ് വിളിക്കുന്നത്. ക്രൂയ്‌സ് സ്റ്റേജിനൊപ്പം ചൊവ്വയിലിറങ്ങുന്ന ഡിസെന്റ് സ്റ്റേജും ചേര്‍ന്നതാണ് മംഗള്‍യാന്‍ 2.

മാസങ്ങളെടുത്താണ് മംഗള്‍യാന്‍ 2 ചൊവ്വയിലെത്തുക. ചൊവ്വയുടെ അന്തരീക്ഷത്തിന്റെ സഹായത്തോടെ ലാന്‍ഡറിന്റെ വേഗത കുറയ്ക്കുക എന്ന എയറോബ്രേക്കിങ് എന്ന സാങ്കേതിക വിദ്യയാണ് നേരിട്ടുള്ള ലാന്‍ഡിങിന് ഉപയോഗിക്കുന്നത്. തീവ്രമായ ചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പുറം കവചവും സൂപ്പര്‍സോണിക് പാരച്യൂട്ടുകളും ഇതിനായി ഉപയോഗിക്കും. ഇവ അന്തരീക്ഷത്തിന്റെ ഘര്‍ഷണത്തെ അതിജീവിച്ച് പേടകത്തിന്റെ വേഗത ഗണ്യമായി കുറയ്ക്കും. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 1.3 കിലോമീറ്റര്‍ മുകളില്‍ എത്തുമ്പോള്‍ ലാന്‍ഡറിലെ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച്, നിയന്ത്രിതവും കൃത്യവുമായ ലാന്‍ഡിങ് ഉറപ്പാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.