ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനായി ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച് വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ അതേ ബെഞ്ചിന് മുമ്പാകെ തന്നെ പുനപരിശോധനാ ഹര്‍ജി നല്‍കാനാണ് നീക്കം. ഇത്തരമൊരു സമയപരിധി ഭരണഘടനയില്‍ പോലും നിഷ്‌കര്‍ഷിച്ചിട്ടില്ലെന്ന വാദം ഉയര്‍ത്താനാണ് കേന്ദ്രത്തിന്റെ ആലോചന.
ഭരണഘടനയില്‍ പോലും നിഷ്‌കര്‍ഷിച്ചിട്ടില്ലാത്ത ഒരു കാര്യം എങ്ങനെ വിധിന്യായത്തില്‍ എഴുതി ചേര്‍ക്കാന്‍ കഴിയും. ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവരാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണ്. പാര്‍ലമെന്റിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് വിധിന്യായം എന്നിവ ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കാനാണ് കേന്ദ്രം ഒരുങ്ങുന്നത്.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം എടുക്കാതെ പിടിച്ചു വെയ്ക്കുകയും പിന്നീട് രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്ത തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ നടപടി ഭരണഘടന വിരുദ്ധമാണൈന്നുള്ള വിധിയിലാണ് സുപ്രീം കോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. രാഷ്ട്രപതിയുടേത് അടക്കം സമയപരിധിയില്‍ എങ്ങനെ കടന്നുകയറി ഒരു കോടതിക്ക് വിധി പുറപ്പെടുവിക്കാനാകുമെന്ന ചോദ്യവും വാദത്തിനിടെ കേന്ദ്രം ഉയര്‍ത്തിയേക്കുമെന്നാണ് വിവരം.
ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്തമാണ്. ബില്ലുകളിന്മേല്‍ തീരുമാനമെടുക്കുന്നതിന് പല കാര്യങ്ങളും പരിഗണിക്കേണ്ടതായി വരും. അപ്പോള്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതായി വരും. സംസ്ഥാനങ്ങളിലെ സാഹചര്യം പോലും പരിഗണനാ വിഷയമാക്കാതെയാണ് സുപ്രീം കോടതി അത്തരത്തിലുള്ള ഒരു നിലപാടില്‍ എത്തിച്ചേര്‍ന്നത് എന്ന വാദവും കേന്ദ്രം ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭരണഘടന അനുസരിച്ച് ബില്‍ തിരികെ അയച്ചുകഴിഞ്ഞാല്‍ അല്ലെങ്കില്‍ രാഷ്ട്രപതി തടഞ്ഞുവച്ചാല്‍ പിന്നീട് ബില്ല് കാലഹരണപ്പെടും. നിയമസഭ ആഗ്രഹിക്കുന്നതുപോലെ ഭേദഗതികളോടെ പാസാക്കുന്നതിനായി അത് നിയമസഭയില്‍ വീണ്ടും അവതരിപ്പിക്കേണ്ടതുണ്ട്. സുപ്രീം കോടതിയുടെ വിധിന്യായം ഈ വസ്തുത പരിഗണിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ അതില്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. തീരുമാനം വൈകിയാല്‍ അതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഇതാദ്യമായാണ് നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്ക് കോടതി സമയ പരിധി നിശ്ചയിക്കുന്നത്. ഗവര്‍ണര്‍മാര്‍ അയയ്ക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഭരണഘടനയുടെ 201-ാം അനുച്ഛേദത്തിലാണ് വിശദീകരിക്കുന്നത്. എന്നാല്‍ സമയപരിധിയെക്കുറിച്ച് പറയുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.