ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ വധിച്ച മൂന്ന് തീവ്രവാദികളില്‍ നിന്ന് സുരക്ഷാ സേന ഒരു അമേരിക്കന്‍ എം4 കാര്‍ബൈന്‍ അസോള്‍ട്ട് റൈഫിള്‍ കണ്ടെടുത്തു. ഒരു എം4 റൈഫിള്‍, രണ്ട് എകെ47 റൈഫിളുകള്‍, 11 മാഗസിനുകള്‍, 65 എം4 ബുള്ളറ്റുകള്‍, 56 എകെ47 ബുള്ളറ്റുകള്‍ എന്നിവയാണ് കണ്ടെടുത്തത്.
ഛത്രു പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് തീവ്രവാദികളെയും ഇന്ത്യന്‍ സൈന്യം വധിച്ചത്. വേനല്‍ക്കാലം ആരംഭിച്ചതോടെ ജമ്മു കാശ്മീരിലേക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. മേഖലയില്‍ ഇന്ത്യന്‍ സൈന്യം ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കണ്ടെടുത്ത എം4 കാര്‍ബൈന്‍ അമേരിക്കന്‍ നിര്‍മ്മിതമാണ്. മുമ്പും ഈ മേഖലയിലെ തീവ്രവാദികളില്‍ നിന്ന് സമാനമായ ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2017 ല്‍ പുല്‍വാമയില്‍ സുരക്ഷാ സേന ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിന്റെ അനന്തരവന്‍ തലാഹ് റാഷിദ് മസൂദിനെ വധിച്ചപ്പോഴാണ് ഇത്തരമൊരു കണ്ടെത്തല്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 2021 ഓഗസ്റ്റില്‍ യുഎസ് സൈന്യം പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് എം4 കാര്‍ബൈനുകള്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ആയുധങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. പിന്നീട് ഈ ആയുധങ്ങള്‍ താലിബാനും മറ്റ് ഗ്രൂപ്പുകളും കൈവശപ്പെടുത്തുകയായിരുന്നു.
സൈനിക വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, നിലവില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ കൈവശം എകെ 47 റൈഫിളുകളുടെയും എം4 കാര്‍ബൈനുകളുടെയും സംയോജനമുണ്ട്. സ്റ്റീല്‍ ബുള്ളറ്റുകള്‍ പ്രയോഗിക്കാന്‍ എം4 ന് കഴിയും. 2023 ല്‍ ജമ്മുവിലെ സൈനിക വാഹന വ്യൂഹങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഈ ആയുധം ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്.
യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അരിയ-ഫോര്‍മുല യോഗത്തില്‍ പാകിസ്ഥാന്‍ മിഷന്‍ കൗണ്‍സിലര്‍ സയ്യിദ് ആതിഫ് റാസ, തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) യും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ (ബിഎല്‍എ) മജീദ് ബ്രിഗേഡും അഫ്ഗാനിസ്ഥാനില്‍ നിന്ന് ആയുധങ്ങള്‍ സ്വീകരിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. അഫ്ഗാനിസ്ഥാനില്‍ അവശേഷിക്കുന്ന കോടിക്കണക്കിന് രൂപയുടെ യു.എസ് നിര്‍മിത ആയുധങ്ങള്‍ തീവ്രവാദികള്‍ക്ക് ലഭ്യമാണെന്നും അവ പാകിസ്ഥാന്‍ സൈന്യത്തിനും സാധാരണക്കാര്‍ക്കും എതിരെ ഉപയോഗിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു.
കിഷ്ത്വാറില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍ നടത്തിയ പ്രസ്താവനകളില്‍ പരാമര്‍ശിച്ച ആയുധങ്ങള്‍ക്ക് സമാനമാണെന്നും റിപ്പോര്‍ട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.