കൊച്ചി: കുടിയേറ്റ മേഖലയായ തൊടുപുഴ തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിയുടെ നാരങ്ങാനത്തെ കൈവശ സ്ഥലത്ത് സ്ഥാപിച്ച കുരിശ് വനപാലകര്‍ പൊളിച്ചു മാറ്റിയ നടപടി നിയമ വിരുദ്ധവും ക്രൈസ്തവ വിശ്വാസത്തോടുള്ള അവഹേളനവും മത സ്വാതന്ത്യത്തിന്റെ ലംഘനവുമാണെന്ന് സീറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍.
വന്യമൃഗങ്ങളെയും വനപാലകരെയും നിയന്ത്രിക്കുന്നതില്‍ വനം വകുപ്പ് തികഞ്ഞ പരാജയമാണെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി.
കേരളത്തില്‍ ലക്ഷക്കണക്കിനാളുകള്‍ കൈവശ ഭൂമികളില്‍ ജീവിക്കുന്നുണ്ട്. അവിടെ വീടുകളും വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും മറ്റ് സ്ഥാപനങ്ങളും നിലനില്‍ക്കുന്നുണ്ട്.
തൊമ്മന്‍കുത്ത് മേഖലയില്‍ പതിറ്റാണ്ടുകളായി ആളുകള്‍ കൈവശ ഭൂമിയില്‍ താമസിച്ചു വരുന്നു. അപ്രകാരം ഇടവകക്കാര്‍ക്ക് ആറ് പതിറ്റാണ്ടായി കൈവശാവകാശമുള്ളതും ഇ.എം.എസ് ഭവനപദ്ധതി ഉള്‍പ്പെടെ നിര്‍മാണങ്ങള്‍ ഉള്ളതുമായ പ്രദേശത്ത് വനംവകുപ്പ് ജണ്ടയ്ക്ക് 750 മീറ്റര്‍ അകലത്തില്‍ ഇടവക സ്ഥാപിച്ച കുരിശാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മതവികാരം വ്രണപ്പെടുത്തിക്കൊണ്ട് പൊളിച്ചു കളഞ്ഞത്. ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയും അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കടന്നു കയറ്റവുമാണ്.
2023 ഓഗസ്റ്റ് നാല് മുതല്‍ പ്രാബല്യത്തിലുള്ള Forest Conservation Amendment Act- 2023 എന്ന കേന്ദ്ര നിയമത്തിന്റെ ഗുരുതര ലംഘനമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത്. പ്രസ്തുത നിയമ ഭേദഗതി അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ തൊമ്മന്‍കുത്ത് ഉള്‍പ്പെടെയുള്ള മേഖലയിലെ കൈവശ ഭൂമികള്‍ വനത്തിന്റെ നിര്‍വചനത്തില്‍ നിന്നും സ്വതന്ത്രമാണ്. നിയമ പ്രകാരം ജോയിന്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി പട്ടയം അനുവദിക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുകയാണ് വേണ്ടത്.
സംസ്ഥാനത്തുടനീളം വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന അതിക്രമങ്ങള്‍ ഗൗരവമുള്ളതാണ്. ജനങ്ങളുടെ കൈവശ ഭൂമിയിലെ ക്രിസ്ത്യന്‍ മതപ്രതീകങ്ങളും ആരാധനാ കേന്ദ്രങ്ങളും നശിപ്പിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികള്‍ക്കു പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നു.
ഈ വിഷയത്തില്‍ ഭരണ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ നിശബ്ദത പാലിക്കുന്നത് അപലപനീയമാണ്. നിയമ വിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ പരിധിവിട്ടു പ്രവര്‍ത്തിക്കുന്ന വനപാലകര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണം. മാത്രമല്ല, തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിയുടെ കുരിശ് പുനസ്ഥാപിക്കുന്നതിനുള്ള ഇടപെടലുകളും ഉണ്ടാകണമെന്ന് സീറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.