ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത ജഡ്ജിമാരെ നിയമിക്കാന്‍ ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ.
സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷക ലിസ് മാത്യു, കേരള ഹൈക്കോടതിയിലെ അഭിഭാഷക എ.കെ പ്രീത എന്നിവരുടെ പേരുകളാണ് കൊളീജിയം ശുപാര്‍ശ ചെയ്തത് എന്നാണ് സൂചന. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംധാര്‍, ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവര്‍ അടങ്ങിയതാണ് കേരള ഹൈക്കോടതിയിലെ കൊളീജിയം.
നിലവില്‍ മൂന്ന് ഒഴിവുകളാണുള്ള കേരള ഹൈക്കോടതിയില്‍ അനുവദിക്കപ്പെട്ട ജഡ്ജിമാരുടെ എണ്ണം 47 ആണ്. എന്നാല്‍ നിലവില്‍ 44 ജഡ്ജിമാരാണ് ഉള്ളത്. ഈ വര്‍ഷം മൂന്ന് ജഡ്ജിമാരാണ് വിരമിക്കുന്നത്.
പി.ബി സുരേഷ് കുമാറും പി.ജി അജിത് കുമാറും ജൂണില്‍ വിരമിക്കും. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയില്‍ നിന്ന് എത്തിയ ജസ്റ്റിസ് അമിത് റാവല്‍ സെപ്റ്റംബറില്‍ വിരമിക്കും. നിലവില്‍ അഡിഷണല്‍ ജഡ്ജിമാരായ ജോണ്‍സണ്‍ ജോണ്‍, ജി. ഗിരീഷ്, സി. പ്രതീപ് കുമാര്‍ എന്നിവര്‍ ഒക്ടോബറില്‍ സ്ഥിരം ജഡ്ജിമാരാകും.
നിലവിലുള്ള 44 ജഡ്ജിമാരില്‍ ജസ്റ്റിസ് സി.എസ്. സുധ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍, ജസ്റ്റിസ് എം.ബി സ്‌നേഹലത എന്നിവരാണ് ഹൈക്കോടതിയിലെ വനിത ജഡ്ജിമാര്‍. മറ്റൊരു വനിത ജഡ്ജി ആയ ജസ്റ്റിസ് അനു ശിവരാമന്‍ കര്‍ണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറി പോയി. ജസ്റ്റിസ് എം.ബി സ്‌നേഹലത 2026 ഏപ്രില്‍ 24 നും സി.എസ് സുധ ഒക്ടോബര്‍ എട്ടിനും വിരമിക്കും.
ഹൈക്കോടതി ജഡ്ജി നിയമനത്തിനുള്ള ശുപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയത്തിന് നല്‍കുന്നതിനൊപ്പം സംസ്ഥാന മുഖ്യമന്ത്രിക്കും കൈമാറും. തുടര്‍ന്ന് ശുപാര്‍ശ ചെയ്യപ്പെട്ട പേരുകളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം ചീഫ് സെക്രട്ടറി കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിക്കും.
ഇതിനിടെ ശുപാര്‍ശ ചെയ്യപ്പെട്ട പേരുകളെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് നിയമമന്ത്രാലയം തേടും. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായവും കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും ലഭിച്ചാല്‍ അവ ഹൈക്കോടതി കൊളീജിയം ശുപാര്‍ശയ്‌ക്കൊപ്പം സുപ്രീം കോടതി കൊളീജിയത്തിന് കൈമാറും. ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് രണ്ട് മാസമെങ്കിലും എടുക്കുമെന്നാണ് നിയമ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത അഭിഭാഷകരെ തുടര്‍ന്ന് അഭിമുഖ പരീക്ഷയ്ക്ക് സുപ്രീം കോടതി കൊളീജിയം ക്ഷണിക്കും. ഈ അഭിമുഖ പരീക്ഷയില്‍ വിജയിച്ചാല്‍ മാത്രമേ അവരുടെ പേരുകള്‍ ഹൈക്കോടതി ജഡ്ജിമാരായി സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്യുകയുള്ളൂ. സമീപ കാലത്ത് കര്‍ശനമായ സ്‌ക്രീനിങ് ആണ് സുപ്രീം കോടതി കൊളീജിയം നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.