1936 ഡിസംബർ 17-ന് അർജന്റീനയിലെ ബ്യൂണസ് ഐറസിൽ ജനിച്ച ജോർജ് മാരിയോ ബെർഗോളിയോ, മാർച്ച് 13, 2013-ന് കത്തോലിക്കാ സഭയുടെ 266-ാമത്തെ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. അന്നുതന്നെ അദ്ദേഹത്തിന്റെ ഒരു നടപടി ലോകത്തെ മുഴുവൻ ഞെട്ടിച്ചു. പുതിയ പാപ്പായെക്കുറിച്ചുള്ള പ്രഖ്യാപനത്തിനു ശേഷം സെ. പീറ്റേഴ്സ് സ്‌ക്വയറിൽ തടിച്ചുകൂടിയ പതിനായിരങ്ങളുടെ മുൻപിൽ അദ്ദേഹം തന്റെ തല കുനിച്ച് അഭ്യർത്ഥിച്ചു “നിങ്ങൾക്ക് ശ്ലൈഹികാശീർവാദം നൽകുന്നതിനു മുൻപ് നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ”. ടെലിവിഷൻ ചാനലുകളിലൂടെ ഇതു കണ്ടു നിന്നവർക്കൊപ്പം അവിടെ തടിച്ചു കൂടിയ ലക്ഷക്കണക്കിനാളുകൾ ഒരു നിമിഷം സ്തബ്ധരായി. തുടർന്ന് എല്ലാവരും കരങ്ങളുയർത്തി കത്തോലിക്കാ സഭയുടെ പുതിയ തലവനെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിച്ചു.
തിരഞ്ഞെടുപ്പും പ്രഖ്യാപനവും കഴിഞ്ഞ് പുറത്തേക്കിറങ്ങിയ പാപ്പായെ കാത്ത് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനവും അകമ്പടി വാഹനങ്ങളും തയാറായി കിടന്നിരുന്നു. എന്നാൽ അതിലൊന്നും കയറാതെ തന്റെ കയ്യിലിരുന്ന ചെറിയ ബാഗും തൂക്കിപ്പിടിച്ച് ഒരു പുഞ്ചിരിയോടെ അദ്ദേഹം കർദിനാളന്മാർ താമസിച്ചിരുന്ന സാന്താ മർത്തയിലേക്ക് അവരോടൊപ്പം ബസിൽ യാത്ര ചെയ്തു.
ഇന്ത്യയെ സ്‌നേഹിച്ച പാപ്പ
ഇന്ത്യയോടും ഇന്ത്യക്കാരോടും അദ്ദേഹം എന്നും വളരെ അടുപ്പം സൂക്ഷിച്ചിരുന്നു. ഭാരതത്തിന്റെ ആത്മീയ ചൈതന്യവും വൈവിധ്യമാർന്ന സംസ്കാരവും ഇവിടുത്തെ ക്രൈസ്തവരുടെ പാരമ്പര്യവും വിശ്വാസ സ്ഥിരതയും അദ്ദേഹത്തെ എന്നും ആകർഷിച്ചിരുന്നതായി അദ്ദേഹം പലരോടും പറഞ്ഞിട്ടുണ്ട്. കേരളത്തിൽ നിന്ന് സന്ദർശനത്തിനു ചെല്ലുന്ന വൈദികരോടും വൈദിക വിദ്യാർത്ഥികളോടും സന്യസ്ഥരോടുമൊക്കെ അദ്ദേഹം വലിയ സ്നേഹവും വാൽസല്യവും കാണിച്ചിരുന്നു എന്ന് അദ്ദേഹത്തെ സന്ദർശിച്ച പലരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ സന്ദർശിക്കണമെന്ന് പോപ്പ് ഫ്രാൻസിസ് പല തവണ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും, വിവിധ രാഷ്ട്രീയ-നയതന്ത്രപരമായ കാരണങ്ങൾ മൂലം അത് സാക്ഷാത്കരിക്കപ്പെടാൻ കഴിഞ്ഞില്ല. ഇന്ത്യയെ കാണാൻ കഴിയാതെ പോയത് അദ്ദേഹത്തിന് വലിയ നിരാശയുണ്ടായിരുന്നു.
ക്രിസ്തുസ്നേഹത്തിന്റെ ഉദാഹരണങ്ങൾ
അദ്ദേഹം പലപ്പോഴും ഏറ്റവും താഴേക്കിടയിൽ ജോലിചെയ്യുന്നവരോടും കാവൽക്കാരോടും തടവിൽ കഴിയുന്നവരോടും വലിയ സ്നേഹം പ്രകടിപ്പിച്ചിരുന്നു. പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടത്തിനെത്തുടർന്ന് ഒരു പ്രഭാതത്തിൽ അദ്ദേഹം വത്തിക്കാനിലെ തെരുവിലേക്കിറങ്ങി അവിടുത്തെ ശുചീകരണ തൊഴിലാളികൾക്കൊപ്പം സംസാരിച്ചുനിൽക്കുന്നത് അത്ഭുതത്തോടെയാണ് ലോകം വീക്ഷിച്ചത്.
2013-ലെ പെസഹാ വ്യാഴാഴ്ച, റോമിലെ ഒരു ജയിൽ സന്ദർശിച്ച് മുസ്ലിംകൾ ഉൾപ്പെടെയുള്ള 12 ചെറുപ്പക്കാർക്ക് കാൽ കഴുകിയപ്പോൾ, അദ്ദേഹം യോഹന്നാന്റെ സുവിശേഷത്തിൽ കാണുന്ന യേശുവിന്റെ ജീവനുള്ള പ്രതീകമായി മാറുകയായിരുന്നു.
പാപികൾക്കെതിരെ സ്വർഗ്ഗ കവാടങ്ങൾ അടയ്ക്കപ്പെട്ടിട്ടില്ല എന്ന അദ്ദേഹത്തിന്റെ അഭിപ്രായം പാപം ചെയ്താലും സ്വർഗത്തിൽ പോകാം എന്ന് അദ്ദേഹം പറഞ്ഞതായി പലരും ദുർവ്യാഖ്യാനം ചെയ്തു.
അദ്ദേഹത്തിന്റെ സ്വകാര്യ മുറിയുടെ പുറത്തു കാവൽ നിന്നിരുന്ന സ്വിസ് ഗാർഡിലെ പാറാവുകാരന് പാതിരായ്ക്ക്, ഇരിക്കാൻ കസേര ഇട്ടു കൊടുത്തതും, ഇരിക്കാൻ നിയമമില്ല എന്നു പറഞ്ഞ പാറാവുകാരനെ നിർബന്ധിച്ച് ഇരുത്തിയതും, മറ്റൊരു തണുപ്പുള്ള രാത്രിയിൽ കാവൽ നിന്ന പാറാവുകാരന് സ്വന്തം കൈകൊണ്ട് കോഫി ഉണ്ടാക്കി നല്കിയതുമൊക്കെ അദ്ദേഹത്തിന്റെ അലിവാർന്ന ഹൃദയത്തെ വെളിവാക്കുന്ന ഏതാനും പ്രവൃത്തികൾ മാത്രം.
ഇത് അദ്ദേഹത്തിന് മാർപ്പാപ്പയായതിനുശേഷം ലഭിച്ച ഗുണമാണെന്ന് കരുതരുത്. അദ്ദേഹം ബ്യുണസ് അയറിസിന്റെ മെത്രാപ്പോലീത്തയായിരിക്കുമ്പോഴും ഇതുപോലെയുള്ള ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ അരമനയിൽ അത്താഴ മേശയിൽ മെത്രാപ്പോലീത്തയെ കാണാതെ അന്വേഷിച്ചുപോയ അദ്ദേഹത്തിന്റെ സെക്രട്ടറിയച്ചൻ കണ്ടത് തെരുവിൽ താമസിക്കുന്നവരുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുകയും, ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന പിതാവിനെയാണ്.
അഭയാർഥികളുടെ മതം ചികയുന്നവരോട്
അഭയാർത്ഥികളോടും കുടിയേറ്റക്കാരോടുമുള്ള അദ്ദേഹത്തിന്റെ സമീപനത്തെ പലരും തെറ്റിദ്ധരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. തന്റെ വാക്കിലും പ്രവൃത്തിയിലും അദ്ദേഹം ക്രിസ്തുവിന്റെ സുവിശേഷം ലോകത്തോട് പറയുകയായിരുന്നു. “ഞാൻ പരദേശിയായിരുന്നു, നീ എന്നെ സ്വീകരിച്ചു. ആയതിനാൽ ലോകസ്ഥാപനത്തിനു മുൻപേ നിനക്കായി ഒരുക്കിയിരിക്കുന്ന സ്വർഗ്ഗരാജ്യത്തിലേക്ക് നീ പ്രവേശിക്കൂ" എന്ന് യേശു പറയുന്നത് വെറുതെ ബൈബിളിൽ എഴുതിവയ്ക്കാനല്ല, ജീവിതത്തിൽ പ്രാവർത്തികമാക്കാനാണ് എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. 2015 ലെ അമേരിക്കൻ സന്ദർശന വേളയിൽ ഔദ്യോഗിക വിരുന്നുകൾ ഒഴിവാക്കി അവിടുത്തെ അഭയാർഥികളോടൊപ്പം അദ്ദേഹം ഭക്ഷണം കഴിച്ചതും, സിറിയ സന്ദർശിച്ചപ്പോൾ രണ്ടു മുസ്‌ലീം കുടുംബങ്ങളെ തന്റെ വിമാനത്തിൽ വത്തിക്കാനിലേക്ക് കൊണ്ടുപോയി അഭയാർഥിയായി സ്വീകരിച്ചതും അദ്ദേഹത്തിന്റെ യഥാർത്ഥ ക്രിസ്തുസുവിശേഷത്തിന്റെ അന്തസത്ത വെളിവാക്കുന്നതാണ്.
യുദ്ധക്കൊതിയന്മാരെ പാപ്പാ വെറുത്തിരുന്നു
പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, ലോകമെമ്പാടുമുള്ള യുദ്ധങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ നിലപാട് വളരെ വ്യക്തമായിരുന്നു: യുദ്ധമല്ല പരിഹാരം. ഇറാഖ്, അഫ്ഗാനിസ്ഥാൻ, സിറിയ, യെമൻ, യുക്രെയ്ൻ-റഷ്യാ യുദ്ധം — ഓരോ ഘട്ടത്തിലും അദ്ദേഹം നിർഭയമായി സംസാരിച്ചു.
യുദ്ധങ്ങൾ അദ്ദേഹത്തെ വല്ലാതെ ദുഃഖിപ്പിച്ചിരുന്നു. യുക്രെയ്ൻ-റഷ്യാ യുദ്ധത്തെ കടുത്ത ഭാഷയിൽ അദ്ദേഹം അപലപിക്കുകയും റഷ്യയോട് അടിയന്തിരമായി യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഒരു രാഷ്ട്രത്തലവനും ചെയ്യാത്ത രീതിയിൽ നേരിട്ട് റഷ്യൻ എംബസ്സി സന്ദർശിച്ചാണ് അദ്ദേഹം ആദ്യം റഷ്യയോട് ഈ അഭ്യർത്ഥന നടത്തിയതെന്നോർക്കണം.
അതോടൊപ്പം പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിൽ നിരപരാധികൾ മരിച്ചുവീണതിൽ അദ്ദേഹം വലിയ ഉൽക്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ഗാസയിൽ യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം ഇസ്രയേലിനോട് പല തവണ ആവശ്യപ്പെടുന്നത് നമ്മൾ കണ്ടതാണ്.
ഫ്രാൻസിസ് മാർപ്പാപ്പയിലൂടെ ലോകം കേട്ടത് ക്രിസ്തുവിന്റെ വാക്കുകളായിരുന്നു, ബൈബിളിന്റെ സന്ദേശമായിരുന്നു, സഭയുടെ കാഴ്ചപ്പാടായിരിന്നു. ഈ വർഷം ജനുവരിയിൽ ഞാൻ ഫേസ്ബുക്കിൽ കുറിച്ച ഏതാനും വരികൾ ഇവിടെ വീണ്ടും ചേർക്കട്ടെ. “ബൈബിളിന്റെ ഭാഷയേ പാപ്പായ്ക്ക് പറയാനാവൂ, ക്രിസ്തുവിന്റെ അതേ പാഠങ്ങളേ മാർപ്പാപ്പ പഠിപ്പിക്കൂ, പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളേ പാപ്പായുടെ നാവിലൂടെ പുറത്തുവരൂ. അല്ലെങ്കിൽ അദ്ദേഹം മാർപ്പാപ്പ അല്ലാതാകും.”
നീണ്ട പന്ത്രണ്ടു വർഷം കത്തോലിക്കാ സഭയെ കരുത്തോടെ നയിച്ച ഫ്രാൻസിസ് പാപ്പ ഇന്ന് സ്വർഗത്തിൽ തന്റെ മുൻഗാമികൾക്കൊപ്പം ദൈവത്തെ നിത്യവും സ്തുതിക്കാനായി, നമുക്കു വേണ്ടി മാധ്യസ്ഥം വഹിക്കാനായി യാത്രയായി. ലോകത്തിന്റെ അനീതികൾക്കെതിരെ, അക്രമത്തിനെതിരെ, അവശരോടും അഗതികളോടും, സ്ത്രീകളോടുമുള്ള നമ്മുടെ തെറ്റായ സമീപനങ്ങൾക്കെതിരെ പാപ്പ ഇനിയും പ്രതികരിക്കും, അവർക്കായി പ്രാർത്ഥിക്കും; നമുക്ക് അതു നേരിട്ട് കേൾക്കാനായില്ലെങ്കിലും അത് സഭയിലൂടെ ലോകാവസാനം വരെയും നാം കേൾക്കും. പരിശുദ്ധ പിതാവേ അങ്ങേയ്ക്ക് പ്രാർത്ഥനയോടെ യാത്രാമൊഴി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.