ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീം കോടതി. നടപടി ക്രമങ്ങളിലെ സുതാര്യത ഉറപ്പാക്കാനുള്ള ഭാഗമായാണ് തീരുമാനം. സുപ്രീം കോടതിയിലെ ആകെയുള്ള 33 ജഡ്ജിമാരില്‍ 21 പേരുടെ സ്വത്തുവിവരങ്ങളാണ് ആദ്യഘട്ടത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. മെയ് 13 ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കാനിരിക്കെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നടപടി എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഈ കോടതിയിലെ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍കോടതിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തുകൊണ്ട് പൊതുസഞ്ചയത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി ഏപ്രില്‍ ഒന്നിന് തീരുമാനിച്ചു. ഇതിനകം ലഭിച്ച ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തുവരികയാണ്. മറ്റ് ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്‌ലോഡ് ചെയ്യുമെന്ന് കോടതി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
മാത്രമല്ല ഹൈക്കോടതികളിലേക്കും സുപ്രീം കോടതിയിലേക്കുമുള്ള നിയമനങ്ങളുടെ മുഴുവന്‍ പ്രക്രിയയും ഹൈക്കോടതി കൊളീജിയത്തിന് നല്‍കിയിട്ടുള്ള പങ്ക്, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച അഭിപ്രായങ്ങള്‍, സുപ്രീം കോടതി കൊളീജിയത്തിന്റെ പരിഗണനയും അടക്കം പൊതുജനങ്ങളുടെ അറിവിനും അവബോധത്തിനുമായി സുപ്രീം കോടതി വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സ്ഥിര നിക്ഷേപങ്ങളിലും ബാങ്ക് അക്കൗണ്ടുകളിലുമായി 55.75 ലക്ഷം രൂപയും പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ (പിപിഎഫ്) 1.06 കോടി രൂപയും ഉണ്ടെന്നും വെബ്സൈറ്റില്‍ പറയുന്നു. മെയ് 14 ന് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ജസ്റ്റിസ് ബി.ആര്‍ ഗവായിക്ക് ബാങ്ക് അക്കൗണ്ടുകളില്‍ 19.63 ലക്ഷം രൂപയും പിപിഎഫ് അക്കൗണ്ടില്‍ 6.59 ലക്ഷം രൂപയുമാണ് ഉള്ളത്.
സുപ്രീം കോടതിയില്‍ സേവനമനുഷ്ഠിക്കുന്ന രണ്ട് വനിതാ ജഡ്ജിമാരില്‍, ജസ്റ്റിസ് ബേല എം. ത്രിവേദി അവരുടെ സ്വത്തുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം ജസ്റ്റിസ് ബി.വി നാഗരത്‌നയുടെ സ്വത്തുവിവരങ്ങള്‍ ഇതുവരെ അപ്‌ലോഡ് ചെയ്തിട്ടില്ല. ബാറില്‍ നിന്ന് നേരിട്ട് സുപ്രീം കോടതി ബെഞ്ചിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ജസ്റ്റിസുമാരായ പി.എസ് നരസിംഹ, കെ.വി വിശ്വനാഥന്‍ എന്നിവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതില്‍ 2023 മെയ് മാസത്തിലെ കണക്കുകള്‍ പ്രകാരം കെ.വി വിശ്വനാഥന് ആകെ 120.96 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല 2010-11 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 91.47 കോടി രൂപ ആദായനികുതിയായി അദേഹം അടച്ചിട്ടുണ്ടെന്നും വെബ്സൈറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ പുറത്തുവന്ന വിവരങ്ങളില്‍ ഏറ്റവും കൂടിയ സ്വത്തുവകകള്‍ ഉള്ളത് വിശ്വനാഥനാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.