23 വര്‍ഷം മുന്‍പ് നടന്ന ഡാനിയല്‍ പേള്‍ വധം; പിന്നില്‍ ജെയ്ഷെ മുഹമ്മദെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

23 വര്‍ഷം മുന്‍പ് നടന്ന ഡാനിയല്‍ പേള്‍ വധം; പിന്നില്‍ ജെയ്ഷെ മുഹമ്മദെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ന്യൂഡല്‍ഹി: യു.എസ് മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിനെ (38) 23 വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തില്‍ ജെയ്ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഡാനിയല്‍ പേളിനെ വധിച്ചത് ബ്രിട്ടീഷ്-പാക് ഭീകരന്‍ അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖാണ്. ഇയാള്‍ക്ക് ജെയ്ഷെയുമായി നേരിട്ട് ബന്ധമുണ്ടെന്ന് മിസ്രി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ജയ്‌ഷെ മുഹമ്മദ് സുപ്രീം കമാന്‍ഡര്‍ അബ്ദുല്‍ റൗഫ് അസര്‍ എന്ന കൊടുംഭീകരനാണ് ഡാനിയല്‍ പേള്‍ വധത്തിലെ മറ്റൊരു പ്രധാന പ്രതിയെന്നും അദേഹം വ്യക്തമാക്കി. ഏറെ നാളായി ഇന്ത്യ ഇയാളെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. 1999 ലെ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, 2001 ലെ പാര്‍ലമെന്റ് ആക്രമണം, 2016 ലെ പഠാന്‍കോട്ട് ആക്രമണം, 2019 ലെ പുല്‍വാമ ആക്രമണം തുടങ്ങിയ ഭീകരാക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ട്.

2007 മുതല്‍ ജയ്ഷെ മുഹമ്മദിന്റെ സുപ്രീം കമാന്‍ഡറായി പ്രവര്‍ത്തിക്കുകയായിരുന്നു. 2010 ല്‍ അമേരിക്ക ഇയാളെ ഭീകരനായി പ്രഖ്യാപിച്ചു. 2002 ഫെബ്രുവരിയിലാണ് ഡാനിയല്‍ പേളിന്റെ വധത്തിന് ആധാരമായ സംഭവം നടന്നത്. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ തെക്കനേഷ്യന്‍ ബ്യൂറോ ചീഫായി മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുകയായിരുന്നു ഡാനിയേല്‍. ഭീകരരെക്കുറിച്ച് അന്വേഷണം നടത്തുന്നതിന്റ ഭാഗമായാണ് ഡാനിയേല്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ എത്തിയത്. അവിടെവച്ച് ഭീകരര്‍ ഡാനിയേലിനെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊല്ലുകയായിരുന്നു.

ഡാനിയലിന്റെ മുറിച്ച് മാറ്റപ്പെട്ട തലയും മറവ് ചെയ്ത ശരീരവും കറാച്ചിക്ക് 30 കിലോമീറ്റര്‍ വടക്കുള്ള ഒരു പ്രദേശത്തെ കുഴിമാടത്തില്‍ നിന്നും പിന്നീട് കണ്ടെത്തി. കേസില്‍ പിടിയിലായ ഭീകരന്‍ അഹമദ് ഒമര്‍ സയീദ് ഷെയ്ഖിനെ 2002 ജൂലൈയില്‍ പാകിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 

സയീദിനൊപ്പം മറ്റ് മൂന്ന് പേരെകൂടി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്. എന്നാല്‍ 2020 ല്‍ അഹമ്മദ് ഷെയ്ഖിന്റെ വധശിക്ഷ ഏഴ് വര്‍ഷം തടവുശിക്ഷയായി കുറച്ചു. 18 വര്‍ഷമായി ജയിലിലാണെന്നതു പരിഗണിച്ച് ഇയാളെയും മറ്റു മൂന്ന് പ്രതികളെയും വിട്ടയയ്ക്കാനും സിന്ധ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.