ആശങ്കകള്‍ക്ക് വിരാമമിട്ട് അരനൂറ്റാണ്ടിന് ശേഷം കോസ്മോസ് ഭൂമിയില്‍ പതിച്ചു

 ആശങ്കകള്‍ക്ക് വിരാമമിട്ട് അരനൂറ്റാണ്ടിന് ശേഷം കോസ്മോസ് ഭൂമിയില്‍ പതിച്ചു

മോസ്‌കോ: ആശങ്കകള്‍ക്ക് വിരാമമിട്ട് അരനൂറ്റാണ്ടിന് ശേഷം കോസ്മോസ് 482 ബഹിരാകാശപേടകത്തിന്റെ ലാന്‍ഡിങ് മൊഡ്യൂള്‍ ഭൂമിയില്‍ പതിച്ചു. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9:24 നാണ് പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നതെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് അറിയിച്ചു. 1972 ല്‍ സോവിയറ്റ് യൂണിയന്‍ ശുക്രനിലേക്ക് അയച്ചതാണ് കോസ്മോസ് 482 ബഹിരാകാശപേടകം.

ഇന്‍ഡൊനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്‌തെന്നാണ് ഏജന്‍സി പറഞ്ഞത്. അതേസമയം പേടകം എവിടെയാണ് പതിച്ചത് എന്നത് സംബന്ധിച്ച് അവ്യക്തതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍ പ്രകാരം ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുന്ന സമയത്ത് കാര്യമായൊന്നും സംഭവിച്ചില്ലെങ്കില്‍ ലണ്ടനും തെക്കേ അമേരിക്കയുടെ കേപ് ഹോണിനുമിടയില്‍ എവിടെയെങ്കിലും പേടകം പതിക്കുമെന്നായിരുന്നു നിഗമനം. 1972 മാര്‍ച്ച് 31 നായിരുന്നു കോസ്മോസ് 482 ന്റെ വിക്ഷേപണം. സോവിയറ്റ് യൂണിയന്റെ ശുക്രദൗത്യ പരമ്പരകളുടെ ഭാഗമായിരുന്നു ഇത്. റോക്കറ്റിനുണ്ടായ തകരാറ് കാരണം പല ഭാഗങ്ങളും മുന്‍പ് തന്നെ വേര്‍പെട്ട് ഭൂമിയില്‍ പതിച്ചിരുന്നു. എന്നാല്‍ 500 കിലോഗ്രാം ഭാരവും ഏകദേശം ഒരുമീറ്റര്‍ വ്യാസവുമുള്ള ഗോളാകൃതിയിലുള്ള ലാന്‍ഡിങ് മൊഡ്യൂള്‍ 53 വര്‍ഷമായി ഭൂമിയെ ചുറ്റുകയായിരുന്നു.

കോസ്മോസ് 482 ന് സമാനമായി 1979 ല്‍ നാസയുടെ സ്‌കൈലാബിന്റെ വീഴ്ച ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന സംഭവമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.