സിന്ധു നദീജലക്കരാര്‍: കടുത്ത നടപടികളുമായി കേന്ദ്രം; വെള്ളം വന്‍തോതില്‍ വഴിതിരിച്ചുവിടും

സിന്ധു നദീജലക്കരാര്‍: കടുത്ത നടപടികളുമായി കേന്ദ്രം; വെള്ളം വന്‍തോതില്‍ വഴിതിരിച്ചുവിടും

ന്യൂഡല്‍ഹി: സിന്ധുനദീജലക്കരാറുമായി ബന്ധപ്പെട്ട് കടുത്ത നടപടികളിലേയ്ക്ക് കടന്ന് കേന്ദ്ര സര്‍ക്കാര്‍. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഗണ്യമായി കുറയ്ക്കുന്ന പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുന്ന കനാലുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇന്ത്യ തുടങ്ങിവെച്ചിരിക്കുന്നത്. ചെനാബ്, ഝലം, സിന്ധു നദികളില്‍ നിന്നുള്ള ജലം ഇന്ത്യയിലേക്ക് വഴിതിരിച്ച് വിടുന്ന പദ്ധതികളാണ് ആരംഭിച്ചത്. കരാര്‍ പ്രകാരം പാകിസ്ഥാന് അവകാശപ്പെട്ട നദികളാണ് ഇവ മൂന്നും.

ചനാബ് നദിയിലെ രണ്‍ബീര്‍ കനാല്‍ വികസിപ്പിക്കാനുള്ള നടപടികളിലേക്ക് ഇന്ത്യ കടന്നുവെന്നാണ് വിവരം. കനാല്‍ വികസിപ്പിച്ചാല്‍ സെക്കന്‍ഡില്‍ 150 ഘനമീറ്റര്‍വരെ വെള്ളം ഇന്ത്യയിലേക്ക് തിരിച്ചുവിടാനാകുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ഇത് 40 ഘനമീറ്റര്‍ മാത്രമാണ്. 19-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ കനാലിന് 60 കിലോമീറ്ററോളം നീളമുണ്ട്. ഇതിന്റെ നീളം 120 കിലോമീറ്റര്‍ വരെ ആക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. പൂര്‍ത്തിയായാല്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയെ ആണ് കാര്യമായി ബാധിക്കുക. ഇവിടങ്ങളിലെ കാര്‍ഷിക മേഖല ജലക്ഷാമത്തെ തുടര്‍ന്ന് തകര്‍ച്ചയിലാകുമെന്നതില്‍ പാകിസ്ഥാന് ആശങ്കയുണ്ട്.

കൂടാതെ മറ്റ് നദികളില്‍ ജലവൈദ്യുത പദ്ധതികളും നിര്‍മിക്കും. അതിലൂടെ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുടുതല്‍ നിയന്ത്രിക്കാന്‍ ആകും. മൂന്ന് നദികളില്‍ നിന്നുമുള്ള ജലം വഴിതിരിച്ചുവിട്ട് ജമ്മുകാശ്മീര്‍ അടക്കമുള്ള വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. മാത്രമല്ല വലിയ തോതില്‍ ജലം സംഭരിക്കാനുള്ള റിസര്‍വോയറുകളും നിര്‍മിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.