ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയ ലഷ്‌കറെ ഭീകരന്‍ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടു

ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയ ലഷ്‌കറെ ഭീകരന്‍ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ഇന്ത്യയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി ആരോപിക്കപ്പെടുന്ന ലഷ്‌കറെ തൊയ്ബ (എല്‍ഇടി) പ്രവര്‍ത്തകനായ സൈഫുള്ള ഖാലിദ് എന്ന റസുള്ള നിസാനി കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ ആണ് സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടത്. അജ്ഞാതരായ ചില അക്രമികള്‍ ആണ് ആക്രമിച്ചതെന്നാണ് വിവരം.

ലഷ്‌കറെ തൊയ്ബയുടെ കമാന്‍ഡറായിരുന്നു നിസാനി. 2006 ല്‍ ആര്‍എസ്എസ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിനും ഇന്ത്യയിലെ മറ്റ് നിരവധി പ്രധാന ആക്രമണങ്ങള്‍ക്കും പിന്നിലെ ബുദ്ധി കേന്ദ്രമായിരുന്നു ഇയാള്‍. വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം, ഞായറാഴ്ച ഉച്ചകഴിഞ്ഞ് സിന്ധിലെ മാറ്റ്‌ലിയിലുള്ള തന്റെ വീട്ടില്‍ നിന്ന് റസുള്ള നിസാനി പുറത്തേക്ക് പോയിരുന്നു.

വസതിയില്‍ നിന്ന് വളരെ അകലെയല്ലാത്ത മാറ്റ്‌ലി ഫാല്‍ക്കര ചൗക്കിലെ ഒരു ക്രോസിങിന് സമീപം അക്രമികള്‍ നിസാനിയെ വെടിവച്ചു കൊല്ലുകയായിരുന്നു. അതേസമയം പാകിസ്ഥാന്‍ സര്‍ക്കാര്‍ നിസാനിയ്ക്ക് സുരക്ഷ ഒരുക്കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ലഷ്‌കറെ തൊയ്ബ എന്ന ഭീകര സംഘടനയുടെ ഉന്നത കമാന്‍ഡറായിരുന്നു റസുള്ള നിസാനി. ജമ്മു കാശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഒരു മൊഡ്യൂളിന്റെ ഭാഗമായിരുന്നു.

2005 ല്‍ കര്‍ണാടകയിലെ ബംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്‌സി) ആക്രമണത്തിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. 2001 ല്‍ ഉത്തര്‍പ്രദേശിലെ റാംപൂരിലെ സിആര്‍പിഎഫ് ക്യാമ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നിലും നിസാനിയായിരുന്നു. ലഷ്‌കറിന്റെ നേപ്പാള്‍ മൊഡ്യൂളുമായി ധനസഹായം, റിക്രൂട്ട്‌മെന്റ്, ലോജിസ്റ്റിക്‌സ് എന്നിവ കൈകാര്യം ചെയ്യുന്നതിലും നിസാനി പങ്കാളി ആയിരുന്നു.

സംഘടനയുടെ നിരവധി പ്രവര്‍ത്തകരെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടക്കാനും സഹായിച്ചിട്ടുണ്ട്. ലഷ്‌കറിന്റെ അസം ചീമയുമായും സംഘടനയുടെ ചീഫ് അക്കൗണ്ടന്റായ യാക്കൂബുമായും നിസാനി പ്രവര്‍ത്തിച്ചു. സിന്ധിലെ മാറ്റ്‌ലിയിലായിരുന്നു താമസിച്ചിരുന്നത്. ലഷ്‌കറിന്റെയും ജമാത്ത്-ഉദ്-ദവയുടെയും ധനസമാഹരണത്തിലും റിക്രൂട്ട്‌മെന്റിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

വിനോദ് കുമാര്‍ എന്ന അപരനാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഖാലിദ് വര്‍ഷങ്ങളോളം നേപ്പാളില്‍ താമസിച്ചിരുന്നു. അവിടെ വ്യാജ ഐഡന്റിറ്റിയില്‍ താമസിക്കുകയും നേപ്പാളി സ്വദേശിയായ നഗ്മ ബാനുവിനെ വിവാഹം കഴിക്കുകയും ചെയ്തു. നേപ്പാളില്‍ നിന്നും ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതായും റിക്രൂട്ട്‌മെന്റിലും ലോജിസ്റ്റിക്സിലും നിര്‍ണായക പങ്ക് വഹിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അടുത്തിടെയാണ് ഖാലിദ് പാകിസ്ഥാനിലേക്ക് തന്റെ താവളം മാറ്റിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.