ന്യൂഡല്‍ഹി: ഇന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനം. അകാലത്തില്‍ പൊലിഞ്ഞ പിതാവിന്റെ ഓര്‍മയില്‍ വൈകാരിക കുറിപ്പുമായി മകനും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി.
പിതാവിനെക്കുറിച്ചുള്ള ഓര്‍മകളാണ് തന്നെ ഓരോ ചുവടുവെപ്പിലും നയിക്കുന്നതെന്നും അദേഹത്തിന്റെ പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.
'പപ്പാ, അങ്ങയുടെ ഓര്‍മകളാണ് എന്നെ ഓരോ ചുവടുവെപ്പിലും നയിക്കുന്നത്. താങ്കളുടെ പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്നതാണ് എന്റെ ദൃഢനിശ്ചയം. ഞാന്‍ തീര്‍ച്ചയായും അവ നിറവേറ്റും' - ഇതായിരുന്നു രാഹുല്‍ കുറിച്ച വാക്കുകള്‍.
രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ചു. കൂടാതെ, രാജീവിന്റെ ഓര്‍മകളുടെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. രാവിലെ സമാധിസ്ഥലമായ വീര്‍ഭൂമിയില്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, സച്ചിന്‍ പൈലറ്റ് അടക്കം കോണ്‍ഗ്രസ് നേതാക്കളും പുഷ്പാര്‍ച്ചന നടത്തി.
ഇന്ത്യയുടെ മഹാനായ പുത്രനാണ് രാജീവ് ഗാന്ധി എന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍ പ്രതീക്ഷ ഉണര്‍ത്തി. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ക്കും അവസരങ്ങള്‍ക്കും ഇന്ത്യയെ സജ്ജമാക്കുന്നതില്‍ അദേഹത്തിന്റെ ദീര്‍ഘവീക്ഷണവും ധീരവുമായ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നുവെന്നും ഖാര്‍ഗേ പറഞ്ഞു.
'വോട്ടിങ് പ്രായം 18 ആയി കുറയ്ക്കുക, പഞ്ചായത്തീരാജ് ശക്തിപ്പെടുത്തുക, ടെലികോം, ഐ.ടി വിപ്ലവത്തിന് നേതൃത്വം നല്‍കുക, കമ്പ്യൂട്ടറൈസേഷന്‍ പരിപാടി നടപ്പിലാക്കുക, സുസ്ഥിരമായ സമാധാന ഉടമ്പടികള്‍ ഉറപ്പാക്കുക, സാര്‍വത്രിക രോഗപ്രതിരോധ പരിപാടി ആരംഭിക്കുക, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുക എന്നിവ അതില്‍ ഉള്‍പ്പെടുന്നു.
1991 മെയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ തമിഴ്പുലികള്‍ ആസൂത്രണം ചെയ്ത ചാവേര്‍ ബോംബ് സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്.
1984 ല്‍ മാതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് രാജീവ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. 1984 ഒക്ടോബറില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. നാല്‍പത് വയസ് മാത്രമായിരുന്നു അന്ന് രാജീവ് ഗാന്ധിയുടെ പ്രായം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.