രക്ഷാപ്രവര്‍ത്തനം വിജയിച്ചില്ല: അറബിക്കടലില്‍ ചെരിഞ്ഞ കപ്പല്‍ പൂര്‍ണമായി മുങ്ങി, കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു

രക്ഷാപ്രവര്‍ത്തനം വിജയിച്ചില്ല: അറബിക്കടലില്‍ ചെരിഞ്ഞ കപ്പല്‍ പൂര്‍ണമായി മുങ്ങി, കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു

കൊച്ചി: കൊച്ചി തീരത്തു നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ ചെരിഞ്ഞ എം.എസ്.സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ മുങ്ങി. ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയെല്ലാം രക്ഷിച്ചു.

കപ്പല്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ഫം കാണുന്നതിന് മുന്‍പേ കപ്പല്‍ പൂര്‍ണമായും മുങ്ങി. കപ്പലില്‍ അവശേഷിച്ച കണ്ടെയ്നറുകളെല്ലാം കടലില്‍ പതിച്ചു.

ഭൂരിഭാഗം ജീവനക്കാരെയും രക്ഷപ്പെടുത്തിയിട്ടും ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കപ്പലില്‍ തുടര്‍ന്നത് കപ്പല്‍ നിവര്‍ത്താനുള്ള ദൗത്യം കണക്കിലെടുത്തായിരുന്നു. കോസ്റ്റ് ഗാര്‍ഡ് എത്തുമ്പോള്‍ കപ്പല്‍ 26 ഡിഗ്രി ചരിഞ്ഞ നിലയിലായിരുന്നു. കപ്പല്‍ ഉയര്‍ത്താന്‍ സാധിക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തിലെ പ്രതീക്ഷ.

എന്നാല്‍ കപ്പല്‍ കൂടുതല്‍ ചരിയുകയും കൂടുതല്‍ കണ്ടെയ്നറുകള്‍ വീണ്ടും കടലില്‍ പതിക്കുകയും ചെയ്തതോടെ രക്ഷാശ്രമം പരാജയമായി. സുരക്ഷ കണക്കിലെടുത്ത് അവശേഷിച്ച മൂന്ന് പേരെയും കപ്പലില്‍ നിന്നും രാവിലെ നാവികസേന രക്ഷിച്ചു. കണ്ടെയ്നറുകള്‍ പൂര്‍ണമായും കടലില്‍ പതിച്ചതോടെ കടുത്ത പാരിസ്ഥിതിക പ്രതിസന്ധിയാണ് ഉടലെടുത്തിയിരിക്കുന്നത്.

ഇന്ധനം ചോര്‍ന്നാല്‍ അത് കടലിലെ ജീവികളെ ബാധിക്കും. കണ്ടെയ്‌നറുകളില്‍ രാസ വസ്തുക്കളുണ്ടെങ്കില്‍ അത് നീക്കുന്നതിന് വിദഗ്ധരുടെ സഹായം തേടേണ്ടി വരും. കപ്പലില്‍ നിലവില്‍ ഉള്ളതും കടലില്‍ ഒഴുകി നടക്കുന്നതുമായ കണ്ടെയ്‌നറുകളിലെ കാര്‍ഗോ എന്താണെന്ന് കപ്പല്‍ കമ്പനിക്ക് മാത്രമേ അറിയാനാകൂ.

കപ്പലില്‍ ഉപയോഗിക്കുന്ന ബങ്കര്‍ ഓയില്‍ ആയിരിക്കാമെന്ന് കേരള മാരിടൈം ബോര്‍ഡ് മുന്‍ ചെയര്‍മാനും മാരിടൈം നിയമത്തില്‍ വിദഗ്ധനുമായ സീനിയര്‍ അഭിഭാഷകന്‍ വി.ജെ. മാത്യു പറഞ്ഞു.

കണ്ടെയ്നറുകള്‍ ഒഴുകി തീരത്തെത്തിയാല്‍ അപകടമാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചിട്ടുണ്ട്.

ലൈബീരിയന്‍ പതാക വഹിക്കുന്ന എം.എസ്.സി എല്‍സ-3 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 184 മീറ്റര്‍ നീളവും 26 മീറ്റര്‍ വിസ്താരവുമുള്ള കപ്പലാണ് എം.എസ്.സി എല്‍സ-3. നാന്നൂറോളം കണ്ടെയ്‌നറുകളുമായാണ് കപ്പല്‍ യാത്രതിരിച്ചത്.

ശനിയാഴ്ച വൈകുന്നേരം നാലരയോടെ കൊച്ചിയിലെത്തേണ്ടിയിരുന്നതായിരുന്നു. 1997 ല്‍ നിര്‍മ്മിച്ച കപ്പലാണിതെന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ നിന്ന് ലഭ്യമാകുന്നത്. ഒരു ഫീഡര്‍ കപ്പലായതിനാല്‍ മാതൃകപ്പലില്‍ നിന്ന് വിവിധ തുറമുഖങ്ങളിലേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലാണിത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.