വാഷിങ്ടൺ ഡിസി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അയാള്‍ നിരവധിയാളുകളെ കൊല്ലുകയാണ്. പുടിന് എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് തനിക്ക് അറിയില്ല. പുടിന്റെ ചെയ്തിയില്‍ സന്തോഷമില്ല. ഇത് ഭ്രാന്താണെന്നും ട്രംപ് പറഞ്ഞു. ആദ്യം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ് പിന്നീട് ട്രൂത്ത് സോഷ്യലിലും ഇക്കാര്യങ്ങള്‍ ആര്‍ത്തിച്ചു.
"എനിക്ക് അദേഹത്തെ കാലങ്ങളായി അറിയാം. അദ്ദേഹവുമായി അടുത്തിടപെടാറുമുണ്ട്. എന്നാല്‍, അയാള്‍ നഗരങ്ങളിലേക്ക് റോക്കറ്റുകള്‍ അയച്ച് ആളുകളെ കൊല്ലുകയാണ്. ഞങ്ങള്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് അദേഹം കീവിലേക്കും മറ്റ് നഗരങ്ങളിലേക്കും റോക്കറ്റുകള്‍ അയയ്ക്കുന്നത്. എനിക്കത് ഒട്ടും ഇഷ്ടമല്ല" - മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.
ഉക്രെയ്‌ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുടെ നിലപാടുകളെയും ട്രംപ് വിമര്‍ശിച്ചു. "സെലന്‍സ്കി ഇപ്പോഴുള്ള രീതിയില്‍ സംസാരിക്കുന്നത് തുടരുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ല. സെലന്‍സ്കിയുടെ വായില്‍നിന്ന് വരുന്നതെല്ലാം പ്രശ്നത്തിന് കാരണമാകുന്നു. എനിക്കത് ഇഷ്ടമല്ല. അദ്ദേഹമത് അവസാനിപ്പിക്കുന്നതാകും നല്ലത്" -ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഉക്രെയ്‌നില്‍ റഷ്യ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ അറുന്നൂറിലധികം ഡ്രോണുകളും ഡസന്‍ കണക്കിന് മിസൈലുകളുമാണ് റഷ്യ ഉക്രെയ്‌നിലേക്ക് തൊടുത്തത്. വ്യോമാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മൂന്ന് വർഷത്തിലേറെയായി തുടരുന്ന യുദ്ധത്തിലെ ഏറ്റവും വലിയ ആക്രമണ ദിനം എന്നാണ് ഉക്രെയ്ൻ വ്യോമസേന വക്താവ് പ്രതികരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.