സ്ഥിതി രൂക്ഷമെങ്കിലും ഇസ്രയേലിലെയും ഇറാനിലെയും മലയാളികള്‍ സുരക്ഷിതരെന്ന് നോര്‍ക്ക; ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടാം

സ്ഥിതി രൂക്ഷമെങ്കിലും  ഇസ്രയേലിലെയും ഇറാനിലെയും മലയാളികള്‍ സുരക്ഷിതരെന്ന് നോര്‍ക്ക; ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടാം

തിരുവനന്തപുരം: ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലും ഇസ്രയേലിലെയും ഇറാനിലെയും മലയാളികള്‍ നിലവില്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക റൂട്ട്‌സ്.

ഇസ്രയേലിലെ ടെല്‍ അവീവിലും ഇറാനിലെ ടെഹ്‌റാനിലും സാഹചര്യം ഗുരുതരമാണെന്നും മിസൈലാക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ടതിന്റെ വിവരം ഇരുരാജ്യങ്ങളിലെയും മലയാളികള്‍ പങ്കുവെച്ചതായും നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി പറഞ്ഞു.

ഇറാനിലെ കെര്‍മാന്‍ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എംബിബിഎസ് പഠിക്കുന്ന 12 മലയാളി വിദ്യാര്‍ഥികളും ബിസിനസ് ആവശ്യത്തിനു ടെഹ്റാനിലേയ്ക്ക് പോയ കേരളീയ സംഘവുമാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടിട്ടുള്ളത്. വിദ്യാര്‍ഥികള്‍ ഇപ്പോള്‍ അവരുടെ ഡോര്‍മെറ്ററിയില്‍ സുരക്ഷിതരാണ്. ഇവരുടെ വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുഖേന ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചിട്ടുണ്ട്.

ബിസിനസ് സംഘം  ടെഹ്‌റാനില്‍ നിന്നും തദ്ദേശീയരായ ചിലരുടെ സഹായത്തോടെ ഏകദേശം പത്ത് മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള യെസ്ഡി എന്ന സ്ഥലത്തേക്ക് സുരക്ഷിതരായി മാറിയിട്ടുണ്ട്. ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളേയും പൗരന്മാരേയും റോഡ് മാര്‍ഗം അര്‍മേനിയയുടെ തലസ്ഥാനമായ യെരാവാനിലേക്ക് മാറ്റുന്നതിന് കേന്ദ്ര വിദേശ കാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും നീക്കം ആരംഭിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

ഇസ്രയേലിലെ മലയാളികളുമായും അവിടുത്തെ ലോക കേരള സഭാംഗങ്ങളുമായും സംസാരിച്ചിരുന്നു. രാത്രിയില്‍ മിസൈല്‍ ആക്രമണം ഉണ്ടായിരുന്നു. അവരെല്ലാവരും ഇപ്പോള്‍ സുരക്ഷിതരാണ്. എമര്‍ജന്‍സി പ്രോട്ടോക്കോള്‍ ഉള്ളതു കൊണ്ട് അപ്പാര്‍ട്ട്‌മെന്റുകളോട് അനുബന്ധിച്ച ബങ്കറുകളില്‍ സുരക്ഷിതരായി കഴിയുന്നുവെന്നാണ് അറിഞ്ഞത്.

മലയാളികളായ നിരവധി കെയര്‍ ഗിവേഴ്‌സ്, പാരാ മെഡിക്കല്‍ ജീവനക്കാര്‍, നഴ്‌സുമാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഇസ്രയേലിലുണ്ട്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സഹായം ലഭ്യമാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം കോള്‍ സെന്റര്‍ തുടങ്ങിയിട്ടുണ്ട്. ടെഹ്‌റാന്‍, ടെല്‍ അവീവ് എംബസികളിലും ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. നോര്‍ക്കയുടെ കോള്‍ സെന്ററും സജ്ജമാണെന്നും സിഇഒ പറഞ്ഞു.

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍

വിദേശകാര്യമന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂം:

1800118797 (Toll free)

+911123012113

+911123014104

+911123017905

+919968291988 (Whatsapp)

ഇ-മെയില്‍: [email protected]




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.