ഇത് ടീം യുഡിഎഫിന്റെ വിജയമെന്ന് വി.ഡി സതീശന്‍; അന്‍വറിന് മുന്നില്‍ വാതിലടച്ചിട്ടില്ലെന്ന് സണ്ണി ജോസഫ്

ഇത് ടീം യുഡിഎഫിന്റെ വിജയമെന്ന് വി.ഡി സതീശന്‍; അന്‍വറിന് മുന്നില്‍ വാതിലടച്ചിട്ടില്ലെന്ന്  സണ്ണി ജോസഫ്

കൊച്ചി: നിലമ്പൂരിലേത് ടീം യുഡിഎഫിന്റെ വിജയമാണെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകളുമായി മുന്നണി തിരിച്ചു വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിസ്മയിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയത്.

2026 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തിരിച്ചു വരവിനുള്ള ഇന്ധനമാണ് നിലമ്പൂരിലെ ജനങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയത്. അവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'എല്ലാ നേതാക്കളും ഒറ്റക്കെട്ടായി ഒരേ മനസോടെയാണ് നിലമ്പൂരില്‍ പ്രവര്‍ത്തിച്ചത്. യുഡിഎഫ് ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ ഇനിയും കൂടുതല്‍ നേടാനാകുമെന്ന് ഉറപ്പാണ്. ജനങ്ങളുടെ വിശ്വാസം ഞങ്ങള്‍ സംരക്ഷിക്കും. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കും. മുന്നോട്ട് ആത്മ വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ ഈ വിജയം കരുത്താകും' - വി.ഡി സതീശന്‍ പറഞ്ഞു.

പി.വി അന്‍വര്‍ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട സമയം അല്ലെന്നും താന്‍ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി സതീശന്‍ പറഞ്ഞു. അന്‍വര്‍ വിഷയത്തില്‍ തന്റെ തീരുമാനം എന്ന രീതിയില്‍ മാധ്യമങ്ങള്‍ അത് തന്റെ തലയില്‍ കെട്ടി വെയ്ക്കുകയായിരുന്നുവെന്നും അദേഹം പറഞ്ഞു.

എന്നാല്‍ അന്‍വറിന് മുന്നില്‍ വാതിലടച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അന്‍വര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഫലം കുറച്ചു കൂടി നന്നായേനെ എന്നും അദേഹം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.