കൊച്ചിയില്‍ അഞ്ചും ആറും വയസുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചിയില്‍ അഞ്ചും ആറും വയസുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി: ഇടപ്പള്ളി പോണേക്കരയില്‍ അഞ്ചും ആറും വയസുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തൊട്ടടുത്തുള്ള വീട്ടില്‍ കുട്ടികള്‍ ട്യൂഷനു പോകുമ്പോഴാണ് സംഭവം. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കാറില്‍ ഉണ്ടായിരുന്നത്. കൈയില്‍ പിടിച്ച് വലിച്ച കുട്ടികള്‍ നിലവിളിക്കുകയും കുതറിയോടുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഘം ശ്രമം ഉപേക്ഷിച്ച് മടങ്ങിയത്. സംഭവത്തില്‍ എളമക്കര പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ച് വരുകയാണ്.

വെള്ളിയാഴ്ച വൈകുന്നേരം നാലോലോടെയാണ് സംഭവം. കുട്ടികളുടെ വീട്ടില്‍ നിന്ന് മൂന്ന് വീടിന്റെ ദൂരത്താണ് ട്യൂഷന് പോകുന്ന വീട്. വൈകുന്നേരം ട്യൂഷന് പോകാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. ഇരുവരേയും യാത്രയാക്കി മുത്തശി വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്നു. രണ്ട് കുട്ടികളും വീട്ടില്‍ നിന്നിറങ്ങി നടക്കവേ ഒരു വെള്ള കാര്‍ അടുത്തുകൊണ്ടുവന്ന് നിര്‍ത്തുകയും കാറിന്റെ പിന്‍വശത്തിരുന്നയാള്‍ കുട്ടികള്‍ക്ക് നേരേ മിഠായികള്‍ നീട്ടുകയും ചെയ്തു. ഇളയ കുട്ടി മിഠായി വാങ്ങിയെങ്കിലും മൂത്ത കുട്ടി ഇത് വാങ്ങി കളഞ്ഞു. ഇതിനിടെ മിഠായി വാങ്ങിയ കുട്ടിയെ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമം നടത്തുകയായിരുന്നു.

തുടര്‍ന്ന് കുട്ടികള്‍ ഉറക്കെ കരഞ്ഞു. അതേസമയം തന്നെ സമീപത്തുണ്ടായിരുന്ന ഒരു പട്ടി കുരച്ചുകൊണ്ട് കാറിന് സമീപത്തേക്ക് എത്തുകയും ചെയ്തു. ഇതോടെ ഇവര്‍ കാറിന്റെ ഡോര്‍ അടച്ചു. കുതറിയോടിയ കുട്ടികള്‍ ട്യൂഷന് പോകുന്ന വീട്ടിലേക്ക് കയറിയതോടെ കാര്‍ വേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു. ട്യൂഷന്‍ ടീച്ചറോട് വിവരങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ കുട്ടികളുടെ വീട്ടുകാരെ വിളിച്ചറിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.

സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് തട്ടിക്കൊണ്ട് പോകല്‍ ശ്രമം നടത്തിയതെന്നാണ് നിഗമനം. ഈ ഭാഗത്ത് സിസിടിവികള്‍ ഇല്ല. അതുകൊണ്ട് തന്നെ കുട്ടികളെ നേരത്തെ നിരീക്ഷിച്ച ശേഷമാണ് ശ്രമം നടത്തിയതെന്നാണ് കരുതുന്നത്. അതേസമയം ഈ കാര്‍ ഉച്ചയ്ക്ക് പന്ത്രണ്ടിന് ശേഷം പെരുമനത്താഴം റോഡിലേക്ക് വരുന്നതും പോകുന്നതും പ്രദേശവാസികളില്‍ ചിലര്‍ കണ്ടതായാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.