'ലക്ഷ്യം യു.എസ് ജനതയ്ക്ക് സ്വാതന്ത്ര്യം തിരിച്ചു നല്‍കുക'; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മസ്‌ക്

'ലക്ഷ്യം യു.എസ് ജനതയ്ക്ക് സ്വാതന്ത്ര്യം തിരിച്ചു നല്‍കുക'; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മസ്‌ക്

വാഷിങ്ടണ്‍: പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. 'അമേരിക്ക പാര്‍ട്ടി' എന്നാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് മസ്‌ക് പേരിട്ടിരിക്കുന്നത്. ജനങ്ങളുടെ സ്വാതന്ത്ര്യം തിരിച്ച് നല്‍കുന്നതിനാണ് പുതിയ പാര്‍ട്ടിയെന്ന് മസ്‌ക് എക്സില്‍ കുറിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മസ്‌ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പ്രസിഡന്റ് ട്രംപിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' സെനറ്റില്‍ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിന് പിന്നാലെയാണ് ഇലോണ്‍ മസ്‌ക് യു.എസ് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്. ബില്‍ സെനറ്റ് പാസാക്കിയാല്‍, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ക്ക് പകരം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും, ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളെ അടുത്ത തിരഞ്ഞെടുപ്പില്‍ നിലം തൊടീക്കില്ലെന്നും മസ്‌ക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ചോദ്യമുന്നയിച്ചുകൊണ്ട് ഇലോണ്‍ മസ്‌ക് അഭിപ്രായ സര്‍വേ കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ ഫലം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. ജനാധിപത്യത്തില്‍ അല്ല, ധൂര്‍ത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണസംവിധാനത്തിലാണ് ജനങ്ങള്‍ ജീവിക്കുന്നത്. പുതിയൊരു രാഷ്ട്രീയ ബദല്‍ 2-1 എന്ന അനുപാതത്തില്‍ പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് വ്യക്തമാക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.