കൊച്ചി: അടിയന്തരാവസ്ഥയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും മകന്‍ സഞ്ജയ് ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എഴുതിയ ലേഖനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ അതൃപ്തി ശക്തമാകുന്നു.
പാര്‍ട്ടി ലൈനിന് വിരുദ്ധമായി മുന്‍പ് പലപ്പോഴും തരൂര്‍ നിലപാട് സ്വീകരിച്ചപ്പോഴും അവഗണിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് നേതൃത്വം ഇന്ദിര ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തില്‍ അച്ചടക്ക നടപടിയിലേക്ക് നീങ്ങുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
എന്നാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ തരൂരിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നു. തരൂര്‍ ഏത് പാര്‍ട്ടിയാണെന്ന് അദേഹം ആദ്യം തീരുമാനിക്കട്ടെയെന്ന് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചു. വിശ്വ പൗരന്‍ വിശ്വത്തിന്റെ കാര്യം നോക്കട്ടെയെന്നും അദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ വിറക് വെട്ടികളും വെള്ളം കോരികളുമായ ഒരു പാട് പേര്‍ കേരളത്തിലുണ്ട്. അതിലൊരാള്‍ മുഖ്യമന്ത്രിയാകുമെന്നുമായിരുന്നു തരൂരിന് അനുകൂലമായ സര്‍വേയോട് മുരളീധരന്റെ പ്രതികരണം.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഏറ്റവുമധികമാളുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് തന്നെയാണെന്ന സര്‍വേ ഫലം കഴിഞ്ഞ ദിവസമാണ് തരൂര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. ഇക്കാര്യത്തിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്.
സര്‍വേയ്ക്ക് പിന്നില്‍ തട്ടിക്കൂട്ട് ഏജന്‍സിയാണെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. കേരളത്തില്‍ ജനപ്രീതി ഉണ്ടെന്ന് തെളിയിക്കാനാണ് ശശി തരൂര്‍ പോസ്റ്റ് ഷെയര്‍ ചെയ്തതെന്നും നേതൃത്വം വിലയിരുത്തുന്നു.
അതേസമയം 'കേരള വോട്ട് വൈബ്' എന്ന ഏജന്‍സി സ്ഥാപിച്ചത് രണ്ടര മാസം മുന്‍പ് മാത്രമെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്ത സര്‍വേയ്ക്ക് വിശ്വാസ്യത ഇല്ലെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പറഞ്ഞു. ബിജെപിയുടെ അറിവോടെ ആരോ കുക്ക് ചെയ്ത സര്‍വേ ആണെന്നും ചെന്നിത്തല പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.