പേടകം അണ്‍ഡോക്ക് ചെയ്തു; ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി ശുഭാംശുവും സംഘവും ഭൂമിയിലേക്ക് തിരിച്ചു

പേടകം അണ്‍ഡോക്ക് ചെയ്തു; ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി ശുഭാംശുവും സംഘവും ഭൂമിയിലേക്ക് തിരിച്ചു

ഫ്‌ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് ശേഷം വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് തിരിച്ചു.

നേരത്തെ നിശ്ചയിച്ചിരുന്നതില്‍ നിന്ന് 10 മിനിറ്റ് വൈകി ഇന്ത്യന്‍ സമയം വൈകുന്നേരം 4.45 നാണ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക് ചെയ്തത്. അവസാനഘട്ട പരിശോധനകള്‍ നീണ്ടതിനാലാണ് അണ്‍ഡോക്കിങ് അല്‍പം വൈകിയത്.

ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെ പേടകം കാലിഫോര്‍ണിയ തീരത്തിനടുത്ത് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്യും. അതിനു ശേഷം യാത്രികരെ പേടകത്തില്‍ നിന്ന് പുറത്തെത്തിച്ച് ബോട്ടുകളില്‍ പുനരധിവാസ കേന്ദ്രത്തില്‍ എത്തിക്കും.

ഭൂഗുരുത്വവുമായി പൊരുത്തപ്പെടുന്നതിനായി ഏഴ് ദിവസം സംഘം അവിടെ തുടരും. നാസയുടെയും സ്പേസ് എക്സിന്റെയും മിഷന്‍ കണ്‍ട്രോളില്‍ നിന്ന് അന്തിമ അനുമതി ലഭിച്ച ശേഷമാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെടുത്തിയത്.

പേടകത്തിന്റെ ഫ്ളൈറ്റ് കമ്പ്യൂട്ടറാണ് മടക്കയാത്ര നിയന്ത്രിക്കുന്നത്. നാല് ബഹിരാകാശ യാത്രികരും മടക്കയാത്രയ്ക്കിടെ നിര്‍ദേശങ്ങളൊന്നും നല്‍കേണ്ടതില്ല. പൂര്‍ണമായും സ്വയം നിയന്ത്രിച്ചാവും ഡ്രാഗണ്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങുക.

അണ്‍ഡോക്ക് ചെയ്യുന്നതിനു മുമ്പ് പേടകത്തിന്റെ വാതില്‍ അടയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്. എക്സ്പെഡിഷന്‍ 73 ദൗത്യത്തിന്റെ ഭാഗമായി നിലയത്തിലുള്ള മറ്റ് ഏഴ് ശാസ്ത്രജ്ഞര്‍ ഞായറാഴ്ച വൈകുന്നേരം നാല്‍വര്‍ സംഘത്തിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കിയിരുന്നു.

ആറ് രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഇവര്‍ നേരത്തേ സംഘാംഗങ്ങള്‍ക്ക് വിരുന്നും നല്‍കിയിരുന്നു. മാമ്പഴം കൊണ്ടുള്ള മറാത്തി വിഭവമായ ആംരസും കാരറ്റ് ഹല്‍വയും ഉള്‍പ്പെട്ട വിരുന്നാണ് ശാസ്ത്രജ്ഞര്‍ ശുഭാംശു ഉള്‍പ്പെട്ട സംഘത്തിന് നല്‍കിയത്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.