ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടല്‍; കൊല്ലം സ്വദേശിനിയും കുഞ്ഞും ഷാര്‍ജയില്‍ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവച്ചു

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടല്‍; കൊല്ലം സ്വദേശിനിയും കുഞ്ഞും ഷാര്‍ജയില്‍ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവച്ചു

ദുബായ്: കൊല്ലം സ്വദേശിനി വിപഞ്ചികയും മകള്‍ വൈഭവിയും ഷാര്‍ജയില്‍ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവെച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകുന്നേരം നടത്താനിരുന്ന വൈഭവിയുടെ സംസ്‌കാര ചടങ്ങ് മാറ്റിവച്ചത്. സംസ്‌കാരം സംബന്ധിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷുമായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് സംസ്‌കാരം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

വൈഭവിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം തന്നെ ഷാര്‍ജയില്‍ സംസ്‌കരിക്കാനായിരുന്നു നിധീഷിന്റെയും കുടുംബത്തിന്റെയും നീക്കം. എന്നാല്‍ ഇത് തടയണമെന്നും മൃതദേഹം നാട്ടില്‍ സംസ്‌കരിക്കണമെന്നും ഷാര്‍ജയിലെത്തിയ വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇതേസമയം കുഞ്ഞിന്റെ മൃതദേഹവുമായി നിധീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ശ്മശാനത്തില്‍ എത്തിയിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് വിളിയെത്തിയത്.

കുഞ്ഞിന്റെ അച്ഛനായ നിധീഷിനെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സംസ്‌കരിക്കാനായി കൊണ്ടുവന്ന മൃതദേഹം തിരികെ കൊണ്ടുപോവുകയായിരുന്നു. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്ന് ഷാര്‍ജയിലെത്തിയ ഷൈലജ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുഞ്ഞിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം തന്നെ സംസ്‌കരിക്കുമെന്ന് നിധീഷിന്റെ ബന്ധുക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ രണ്ട് പേരുടെയും മൃതദേഹം നാട്ടില്‍കൊണ്ടുപോയി സംസ്‌കരിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അവര്‍ പറഞ്ഞു.

മൃതദേഹം വിദേശത്ത് സംസ്‌കരിക്കേണ്ട. നാട്ടില്‍ സംസ്‌കരിക്കണം. ഒന്നുകില്‍ നിധീഷിന്റെ വീട്ടിലോ അല്ലെങ്കില്‍ തന്റെ വീട്ടിലോ സംസ്‌കരിക്കണം. നാട്ടില്‍ നിധീഷിന്റെ വീട്ടില്‍ സംസ്‌കാരിച്ചാലും വിഷമമില്ല. നാട്ടില്‍ വേണമെന്നേയുള്ളൂ. രണ്ട് പേരുടെയും മൃതദേഹം നാട്ടിലെത്തിക്കണം. ജനിച്ച മണ്ണില്‍ അവരെ സംസ്‌കരിക്കണം. അതിന് അനുവദിക്കണം. ഇവിടെ സംസ്‌കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഷൈലജ പറഞ്ഞു.

കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയെന്നാണ് നിഗമനം.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.