ടിആര്‍എഫ് ഭീകര സംഘടന: പ്രഖ്യാപനത്തില്‍ തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല, അമേരിക്കയില്‍ എത്തിയപ്പോള്‍ മലക്കംമറിഞ്ഞ് പാക് ഉപ പ്രധാനമന്ത്രി

ടിആര്‍എഫ് ഭീകര സംഘടന: പ്രഖ്യാപനത്തില്‍ തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല, അമേരിക്കയില്‍ എത്തിയപ്പോള്‍ മലക്കംമറിഞ്ഞ് പാക് ഉപ പ്രധാനമന്ത്രി

വാഷിങ്ടണ്‍: 'ദി റെസിസ്റ്റന്‍സ് ഫ്രണ്ടി (ടിആര്‍എഫ്) നെ ഭീകര സംഘടനയായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയില്‍ മലക്കംമറിഞ്ഞ് പാകിസ്ഥാന്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാര്‍. കഴിഞ്ഞയാഴ്ച അമേരിക്കന്‍ നടപടിയെ എതിര്‍ത്ത മന്ത്രി യു.എസ് സന്ദര്‍ശനത്തിനിടെയാണ് നിലപാടില്‍ മലക്കം മറിഞ്ഞത്. വാഷിങ്ടണില്‍ നടന്ന ചടങ്ങില്‍ ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യുഎസ് നടപടിയെ മന്ത്രി പിന്തുണയ്ക്കുകയും ചെയ്തു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകരസംഘടനയാണ് ടിആര്‍എഫ്. ലഷ്‌കറെ ത്വൊയ്ബയുമായി ബന്ധമുള്ള ടിആര്‍എഫിനെ ഒരാഴ്ച മുന്‍പാണ് വിദേശ തീവ്രവാദ സംഘടനയായി യുഎസ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ടിആര്‍എഫിനെ പിന്തുണച്ച് പാക് ഉപപ്രധാനമന്ത്രി രംഗത്തെത്തിയത്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയത് ടിആര്‍എഫ് അല്ലെന്നായിരുന്നു പാക് ഉപ പ്രധാനമന്ത്രിയുടെ ന്യായീകരണം.

''ടിആര്‍എഫിനെ ഭീകരസംഘടനായി പ്രഖ്യാപിച്ചത് യുഎസിന്റെ പരമാധികാരപരമായ തീരുമാനമാണ്. ഞങ്ങള്‍ക്ക് അതില്‍ ഒരു പ്രശ്നവുമില്ല. അവരുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു'',- മുഹമ്മദ് ഇഷാഖ് ദാര്‍ വാഷിങ്ടണില്‍ പറഞ്ഞു. അതേസമയം ടിആര്‍എഫിനെ ലഷ്‌കറെ തൊയിബയുമായി ബന്ധപ്പെടുത്തുന്നതിനെ അദേഹം എതിര്‍ത്തു. ലഷ്‌കറെ ത്വൊയ്ബ ഭീകരസംഘടനയെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പാകിസ്ഥാന്‍ തകര്‍ത്തതാണെന്നും ഇതില്‍ ഉള്‍പ്പെട്ടവരെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതാണെന്നുമായിരുന്നു ഉപ പ്രധാനമന്ത്രിയുടെ അവകാശവാദം.

2019 ലാണ് പാക് ഭീകര സംഘടനയായ ടിആര്‍എഫ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ലഷ്‌കറിന്റെ ഉപവിഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ടിആര്‍എഫിന്റെ പ്രഖ്യാപനമുണ്ടായത്. ഇതിനുശേഷം ജമ്മു കാശ്മീരിലെ വിവിധ ഇടങ്ങളില്‍ ഉണ്ടായ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ടിആര്‍എഫ് ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് 2023 ല്‍ ടിആര്‍എഫിനെ ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിക്കുകയായിരുന്നു. അന്ന് മുതല്‍ ടിആര്‍എഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ ഇന്ത്യ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദം ആരംഭിച്ചിരുന്നു. ഇതിനുള്ള തെളിവുകളും ഇന്ത്യ യുഎന്നിന് കൈമാറിയിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.