കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കെസിബിസി ജാഗ്രതാ കമ്മീഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദുര്‍ഗ് പൊലീസ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും അറസ്റ്റ് നടപടി അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഈ ദൗര്‍ഭാഗ്യകരമായ സംഭവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കും മിഷനറിമാര്‍ക്കും നേരെ വര്‍ധിച്ചു വരുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
തീവ്രവാദ ഗ്രൂപ്പുകള്‍ മതപരിവര്‍ത്തന നിരോധന നിയമങ്ങളെ ആയുധമാക്കുന്നത് നീതിയല്ലെന്നും ഇത് രാജ്യത്തെ മത ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് ഗുരുതരമായ ഭീഷണിയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
കത്തോലിക്കാ മിഷനറിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ക്ഷേമ മേഖലകളിലെ സഭയുടെ സേവനങ്ങള്‍ കാരുണ്യത്തിലും പൊതുനന്മയിലുമുള്ള പ്രതിബദ്ധതയിലൂന്നിയതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
മതം തിരഞ്ഞെടുക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തില്‍ പറയുന്ന മൗലികാവകാശമാണ്. ഈ അവകാശത്തെ ക്രിമിനല്‍വല്‍ക്കരിക്കാനോ അടിച്ചമര്‍ത്താനോ ഉള്ള ഏതൊരു ശ്രമവും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നും ഇന്ത്യയുടെ മതേതര ജനാധിപത്യ തത്വങ്ങളെ ഇത് ദുര്‍ബലപ്പെടുത്തുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെയും കന്യാസ്ത്രീകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഭാവിയില്‍ ഇത്തരം അധികാര ദുര്‍വിനിയോഗം തടയാന്‍ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികള്‍ കൈക്കൊള്ളണമെന്നും കെസിബിസി ജാഗ്രതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.