ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം!.. 2027 ഓഗസ്റ്റ് രണ്ടിന് ഭൂമിയില്‍ പലയിടത്തും പകല്‍ രാത്രിയാകും

ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം!.. 2027  ഓഗസ്റ്റ് രണ്ടിന്  ഭൂമിയില്‍ പലയിടത്തും പകല്‍ രാത്രിയാകും

ന്യൂയോര്‍ക്ക്: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ സൂര്യഗ്രഹണം 2027 ഓഗസ്റ്റ് രണ്ടിന് സംഭവിക്കുമെന്ന് ജ്യോതി ശാസ്ത്രജ്ഞര്‍. ഇത് ആറ് മിനിറ്റും 23 സെക്കന്‍ഡും നീണ്ടു നില്‍ക്കും. 2024 ഏപ്രില്‍ എട്ടിനുണ്ടായ പൂര്‍ണ സൂര്യഗ്രഹണം ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നാലര മിനിറ്റ് വരെ ദൃശ്യമായിരുന്നു.

അമേരിക്കയിലെ ലാസ് വെഗാസ്, സൗദി അറേബ്യയിലെ ജിദ്ദ, ലിബിയയിലെ ബെന്‍ഗാസി തുടങ്ങിയ നഗരങ്ങളില്‍ ആറ് മിനിറ്റിലധികം പൂര്‍ണ സൂര്യഗ്രഹണം ഉണ്ടാകും. കൂടാതെ വടക്കന്‍ മൊറോക്കോ, അള്‍ജീരിയ, ഈജിപ്ത്, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ ചില പ്രദേശങ്ങളിലും പൂര്‍ണ സൂര്യഗ്രഹണം മുഴുവന്‍ സമയവും കാണാന്‍ കഴിയും.

ഇന്ത്യയില്‍ പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകില്ല. എന്നിരുന്നാലും രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. വൈകുന്നേരം 4:30 ഓടെയാണ് ഈ നഗരങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകുക.

പൂര്‍ണ സൂര്യഗ്രഹണ സമയം ഏറ്റവും തെളിഞ്ഞ ആകാശം കിഴക്കന്‍ ലിബിയയിലും പടിഞ്ഞാറന്‍ ഈജിപ്തിലുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു.

പൂര്‍ണ സൂര്യഗ്രഹണ സമയത്ത് പകല്‍ രാത്രിയായി മാറും. കാരണം ഭൂമിക്ക് പ്രകാശം നല്‍കുന്ന സൂര്യന്‍ പൂര്‍ണമായും അപ്രത്യക്ഷമാകും. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. 2027 ഓഗസ്റ്റ് രണ്ടിന് ചന്ദ്രന്‍ സൂര്യന് തൊട്ടുമുന്നിലൂടെ കടന്നു പോകും. ഈ സമയത്ത് സൂര്യന്‍ പൂര്‍ണമായും ചന്ദ്രനാല്‍ മറയപ്പെടും.

ആറ് മിനിറ്റിലധികം നീണ്ടു നില്‍ക്കുന്ന ഈ ഗ്രഹണം 1991 നും 2114 നും ഇടയില്‍ ഭൂമിയില്‍ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണമായിരിക്കും. അതുകൊണ്ടാണ് ഈ സൂര്യഗ്രഹണം വളരെ അപൂര്‍വമായി കണക്കാക്കുന്നത്.

ഗ്രഹണ പാത ഭൂമധ്യ രേഖയ്ക്ക് സമീപത്തു കൂടിയാണ് കടന്നു പോകുന്നത്. അതുകൊണ്ട് ചന്ദ്രന്റെ നിഴല്‍ ഭൂമിയുടെ ഉപരിതലത്തില്‍ സാവധാനമാണ് നീങ്ങുന്നത്. ഇത് പൂര്‍ണ സൂര്യ ഗ്രഹണത്തിന്റെ ദൈര്‍ഘ്യം അസാധാരണമാം വിധം ദീര്‍ഘിപ്പിക്കും.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.