തിരുവനന്തപുരം: കേരളത്തിലെ സ്‌കൂള്‍ മധ്യവേനല്‍ അവധിക്കാലം മാറ്റണോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ് മധ്യവേനലവധിക്കാലം. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ മൂലം പലപ്പോഴും സ്‌കൂളുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തില്‍ അവധിക്കാലം കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണ് എന്നാണ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ മന്ത്രി ശിവന്‍കുട്ടി പറയുന്നത്.
മെയ്, ജൂണ്‍ എന്ന ആശയവും ഉയര്‍ന്നു വരുന്നുണ്ട് എന്നും മന്ത്രി പറയുന്നു. അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും ഇക്കാര്യത്തില്‍ അഭിപ്രായം പറയണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ ഏറിയ പങ്കും അവധിക്കാലം മാറ്റുന്നതിന് അനുകൂലമാണ്.
മന്ത്രി വി. ശിവന്‍ കുട്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:
കേരളത്തിലെ നമ്മുടെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്.
അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസപ്പെടുകയും ചെയ്യാറുണ്ട്.
ഈ സാഹചര്യത്തില്‍, സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. ഈ വിഷയത്തില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നു.
ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങള്‍ നമുക്ക് എങ്ങനെ മാതൃകയാക്കാം?
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക.
ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
സ്‌നേഹത്തോടെ,
വി. ശിവന്‍കുട്ടി
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.