പൊതു വിപണിയേക്കാള്‍ 30 ശതമാനം വിലക്കുറവ്: ഓണത്തിന് 2000 കര്‍ഷക ചന്തകള്‍: സെപ്റ്റംബര്‍ ഒന്ന് മുതല്‍ നാല് വരെ

പൊതു വിപണിയേക്കാള്‍ 30 ശതമാനം വിലക്കുറവ്: ഓണത്തിന് 2000 കര്‍ഷക ചന്തകള്‍: സെപ്റ്റംബര്‍ ഒന്ന് മുതല്‍ നാല് വരെ

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് 2000 കര്‍ഷക ചന്തകള്‍ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ നാല് വരെയുള്ള നാല് ദിവസങ്ങളിലാണ് ചന്തകള്‍. പഞ്ചായത്ത്- കോര്‍പ്പറേഷന്‍- മുനിസിപ്പാലിറ്റി തലത്തില്‍ നടക്കുന്ന കര്‍ഷക ചന്തകളില്‍ 1,076 എണ്ണം കൃഷി വകുപ്പും 160 എണ്ണം വിഎഫ്പിസികെയും 764 എണ്ണം ഹോര്‍ട്ടികോര്‍പ്പും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

കര്‍ഷകരില്‍ നിന്ന് 10 ശതമാനം അധിക വില നല്‍കി പച്ചക്കറികള്‍ സംഭരിച്ച്, പൊതുവിപണി വിലയേക്കാള്‍ 30 ശതമാനം കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും. ജൈവ പച്ചക്കറികള്‍, ഉത്തമ കൃഷിമുറകള്‍ പരിപാലിച്ച് ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ എന്നിവ 20 ശതമാനം അധിക വില നല്‍കി സംഭരിക്കും. ഇവ വിപണി വിലയേക്കാള്‍ 10 ശതമാനം കുറച്ച് വില്‍പന നടത്തും. ഇതിനായി 13 കോടി രൂപ ചെലവ് കണക്കാക്കിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ സംഭരിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ളില്‍ ലഭ്യമല്ലാത്ത പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സംഭരിക്കും. ഇടുക്കി, വയനാട് ജില്ലകളിലെ പ്രത്യേക പച്ചക്കറി ഇനങ്ങളുടെ ലഭ്യത കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കും. കേരളഗ്രോ, ജൈവ ഉല്‍പ്പന്നങ്ങള്‍, കൃഷിക്കൂട്ടങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനക്കായി കര്‍ഷക ചന്തയില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും.

വിപണികളില്‍ ഓണത്തിനാവശ്യമായ എല്ലാവിധ പച്ചക്കറികളുടേയും ലഭ്യത ഉറപ്പാക്കുന്ന വിധമായിരിക്കും സംഭരണ ക്രമീകരണങ്ങള്‍ ഒരുക്കുക. കഴിഞ്ഞ വര്‍ഷം 1,956 കര്‍ഷക ചന്തകള്‍ വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചു. ഈ അനുഭവവുമായാണ് ഇക്കൊല്ലം കൂടുതല്‍ ശക്തമായ ആസൂത്രണത്തോടെ കര്‍ഷക ചന്തകള്‍ സംഘടിപ്പിക്കുന്നത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.