ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ചു; രണ്ട് മാസത്തെ അടച്ചിടലില്‍ നഷ്ടം കോടികള്‍: വെളിപ്പെടുത്തലുമായി പാക് പ്രതിരോധ മന്ത്രാലയം

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ചു; രണ്ട് മാസത്തെ അടച്ചിടലില്‍ നഷ്ടം കോടികള്‍: വെളിപ്പെടുത്തലുമായി പാക് പ്രതിരോധ മന്ത്രാലയം

ഇസ്ലാമാബാദ്: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാനിലൂടെയുള്ള വ്യോമപാത അടച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കോടികളുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 20 വരെയാണ് വ്യോമപാത അടച്ചിട്ടിരുന്നത്. വെള്ളിയാഴ്ച പാകിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

രണ്ട് മാസത്തെ വ്യോമപാത അടച്ചിടല്‍ പാകിസ്ഥാന് വരുത്തിവച്ചിരിക്കുന്നത് 125 കോടി രൂപയുടെ നഷ്ടമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ദിവസേന 100 മുതല്‍ 150 ഇന്ത്യന്‍ വിമാനങ്ങളുടെ സര്‍വീസാണ് തടസപ്പെട്ടത്. ഇത് മൊത്തം വ്യോമ ഗതാഗതത്തില്‍ 20 ശതമാനം ഇടിവ് ഉണ്ടാക്കി. അത് ഓവര്‍ ഫ്ളൈയിങ് ഫീസില്‍ നിന്നുള്ള വരുമാനം കുറയ്ക്കുകയും ചെയ്തു. ഇതുമൂലം 2025 ഏപ്രില്‍ 24 നും ജൂണ്‍ 20 നും ഇടയില്‍ ഇന്ത്യയ്ക്കുള്ള വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് (പിഎഎ) 125 കോടി ഇന്ത്യന്‍ രൂപ (400 കോടി പാകിസ്ഥാന്‍ രൂപ) ആണ് നഷ്ടമുണ്ടായിരിക്കുന്നത്.

ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 30 വരെയുള്ള വരുമാന നഷ്ടം ഓവര്‍ ഫ്ളൈയിങ് ചാര്‍ജുകളുമായി ബന്ധപ്പെട്ടതാണെന്നും ഇത് നേരത്തെ റിപ്പോര്‍ട്ട് ചെയ്ത തുകയേക്കാള്‍ കുറവാണെന്നും ഫെഡറല്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ നയതന്ത്രപരമായ പ്രശ്നങ്ങള്‍ക്ക് പിന്നാലെ ഏപ്രില്‍ 23 ന് ഇന്ത്യ സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടയ്ക്കാനുള്ള തീരുമാനമെടുത്തതെന്ന് അദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ചിടുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടി. അതായത് 2025 ഓഗസ്റ്റ് 24 വരെ നീട്ടിയതായാണ് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്. ഇതിന് തിരിച്ചടി എന്നോണം പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ആഭ്യന്തര വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇന്ത്യയും ഓഗസ്റ്റ് 23 വരെ നീട്ടിയതായി കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോള്‍ പറഞ്ഞു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.