തൃപ്പൂണിത്തുറയില്‍ മെട്രോ ട്രാക്കില്‍ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

തൃപ്പൂണിത്തുറയില്‍ മെട്രോ ട്രാക്കില്‍ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

കൊച്ചി: തൃപ്പൂണിത്തുറ വടക്കേ കോട്ടയില്‍ മെട്രോ ട്രാക്കില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് പാലത്തില്‍ നിന്ന് ചാടിയത്.

തലയടിച്ച് റോഡിലേക്ക് വീണ നിസാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വടക്കേകോട്ട മെട്രോ സ്റ്റേഷനിലെത്തിയ ഇയാള്‍ ടിക്കറ്റ് എടുത്തതിന് പിന്നാലെ ആദ്യം ട്രാക്കിലേക്ക് ചാടി.

തുടര്‍ന്ന് സുരക്ഷാ ജീവനക്കാരന്‍ വിസില്‍ മുഴക്കുകയും ട്രാക്കില്‍ നിന്ന് കയറാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, നിസാര്‍ കൂട്ടാക്കിയില്ല. പകരം കൈവരിയിലൂടെ കയറി മുന്നോട്ടോടി.

നിസാര്‍ ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചതോടെ അവര്‍ സ്ഥലത്തെത്തി. ഇയാള്‍ താഴേക്ക് ചാടിയാല്‍ രക്ഷിക്കാനുള്ള വല ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വലയിലേക്ക് ചാടാന്‍ നിസാര്‍ കൂട്ടാക്കാതെ റോഡിലേക്ക് ചാടുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് നിസാര്‍ ട്രാക്കിലേക്ക് കടന്നതിന് പിന്നാലെ ഇവിടുത്തെ വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ മെട്രോ സര്‍വീസുകള്‍ കുറച്ചു സമയം തടസപ്പെട്ടു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍: 1056, 0471 2552056).



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.