ന്യൂഡല്‍ഹി: അറസ്റ്റിലായി മുപ്പത് ദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏത് മന്ത്രിയെയും തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടന ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)ക്ക് വിട്ടു.
പാര്‍ലമെന്റിന്റെ അടുത്ത സമ്മേനളനത്തില്‍ ജെപിസി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അഞ്ച് വര്‍ഷമോ, അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിനാണിത് ബാധകമാകുന്നത്.
കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ഭരണഘടനാ ഭേദഗതി ബില്‍, ഗവണ്‍മെന്റ് ഓഫ് യൂണിയന്‍ ടെറിട്ടറീസ് (അമെന്‍ഡ്മെന്റ്) ബില്‍ 2025, ജമ്മു കാശ്മീര്‍ പുനസംഘടനാ ഭേദഗതി ബില്‍ 2025 എന്നിവ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം ബില്ലിന്റെ പകര്‍പ്പ് കീറിയെറിയുകയും ബില്ലിന്മേല്‍ അതിരൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
ബില്ല് അവതരിപ്പിച്ച ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുകയും സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അവതരണത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളാണ് ബില്ലുകളുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞത്.
കോണ്‍ഗ്രസിലെ മനീഷ് തിവാരി, കെ.സി വേണുഗോപാല്‍, ആര്‍.എസ്.പി എംപി എന്‍.കെ പ്രേമചന്ദ്രന്‍ തുടങ്ങിയ പ്രതിപക്ഷ എംപിമാര്‍ ഈ നിയമ നിര്‍മാണം ഭരണഘടനയ്ക്കും ഫെഡറലിസത്തിനും എതിരാണെന്ന് പറഞ്ഞ് ബില്ലുകള്‍ക്കെതിരെ രംഗത്തെത്തി.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തെ അസ്ഥിരപ്പെടുത്തുകയാണ് ഈ ബില്ലിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കേ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായപ്പോള്‍ അമിത് ഷാ രാജി വച്ചിരുന്നോയെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു. എന്നാല്‍ അറസ്റ്റിന് മുന്‍പ് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചിരുന്നെന്നും കോടതി കുറ്റ വിമക്തനാക്കിയ ശേഷമാണ് ഭരണഘടനാ പദവികള്‍ വഹിച്ചതെന്നും അമിത് ഷാ മറുപടി പറഞ്ഞു.
ബില്ലുകള്‍ തിടുക്കത്തില്‍ കൊണ്ടുവന്നതാണെന്ന വിമര്‍ശനം ഷാ തള്ളി. ബില്ലുകള്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് അയക്കുമെന്നും അവിടെ പ്രതിപക്ഷം ഉള്‍പ്പെടെ ഇരുസഭകളിലെയും അംഗങ്ങള്‍ക്ക് അവരുടെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവസരം ലഭിക്കുമെന്നും അദേഹം പറഞ്ഞു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.