വേളാങ്കണ്ണി പള്ളി പെരുന്നാള്‍, നവരാത്രി; യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍

 വേളാങ്കണ്ണി പള്ളി പെരുന്നാള്‍, നവരാത്രി; യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍

തിരുവനന്തപുരം: നവരാത്രി, വേളാങ്കണ്ണി പള്ളി പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ യാത്രാ ദുരിതങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കും.

സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനും റെയില്‍വേ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് ഇക്കാര്യത്തില്‍ ധാരണയായത്. വേളാങ്കണ്ണി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് എറണാകുളത്തുനിന്ന് പത്തും തിരുവനന്തപുരത്തു നിന്ന് നാലും സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നുമാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം സ്‌പെഷല്‍ ട്രെയിനുകളുടെ സമയം സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പ് നല്‍കാനും ധാരണയായി.

ആലപ്പുഴ-കായംകുളം റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യവും യോഗത്തില്‍ ചര്‍ച്ചയായി. ഈ റൂട്ടിലെ സിംഗിള്‍ ലൈനില്‍ ഓഗ്മെന്റേഷന്‍ നടത്തിയിട്ടുണ്ടെന്നും ഡബിള്‍ ലൈന്‍ വരുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം-മംഗലാപുരം റൂട്ടില്‍ കാലവര്‍ഷ സമയത്ത് മരം വീണും മണ്ണിടിഞ്ഞും ഉണ്ടാകുന്ന ഗതാഗത തടസം നേരിടാന്‍ മുന്നൊരുക്കം നടത്തും. ജില്ലാ ഭരണകൂടം, ദുരന്തനിവാരണ വകുപ്പ് എന്നിവരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് മന്ത്രി വ്യക്തമാക്കി.

കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ എറണാകുളം-കൊല്ലം മെമു പുനരാരംഭിക്കണമെന്നും നിലവിലെ ട്രെയിനുകളില്‍ കൂടുതല്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ അനുവദിക്കണമെന്ന മന്ത്രിയുടെ ആവശ്യം പരിഗണിക്കുമെന്ന് റെയില്‍വേ അറിയിച്ചു. വര്‍ക്കല കാപ്പിലില്‍ റെയില്‍വേ ലൈന്‍ വളരെ ഉയരത്തിലായതിനാല്‍ അത് മുറിച്ചുകടക്കുക ദുഷ്‌കരമാണ്. ഇവിടെ റെയില്‍വേ അണ്ടര്‍ പാസേജ് നിര്‍മാണത്തിന് പൊതുമാരാമത്ത് വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാനും ധാരണയായി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.