ചികിത്സാപ്പിഴവ് ആരോപിച്ചുള്ള കേസുകളില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതി; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി

ചികിത്സാപ്പിഴവ് ആരോപിച്ചുള്ള കേസുകളില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതി; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ചികിത്സാ പിഴവ് ആരോപിച്ചുള്ള കേസുകളില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുന്നതിന് ഹൈക്കോടതി കരട് മാര്‍ഗ രേഖ പുറപ്പെടുവിച്ചു. 12 നിര്‍ദേശങ്ങള്‍ അടങ്ങിയ മാര്‍ഗ രേഖയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ പാനലും ഉന്നതാധികാര സമിതിയും രൂപീകരിക്കണമെന്നാണ് ജസ്റ്റിസ് വി.ജി അരുണ്‍ ഉത്തരവ് ഇട്ടത്.

രണ്ട് മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ പ്രതികളായ കേസുകള്‍ പരിഗണിക്കുകയായിരുന്നു കോടതി. ചികിത്സാപ്പിഴവ് ഉണ്ടായി എന്ന് പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ ലഭ്യമായ എല്ലാ രേഖകളും ശേഖരിക്കണം. ഡോക്ടറുടെ കുറിപ്പ്, നഴ്സിന്റെ ഡയറി, ഡ്യൂട്ടി ചാര്‍ട്ട്, ഷിഫ്റ്റ് റിപ്പോര്‍ട്ട്, ഹാജര്‍ നില, ചികിത്സാ വിവരങ്ങള്‍, രോഗിയുടെ സമ്മതപത്രം, ലാബ് റിപ്പോര്‍ട്ട്, ഡിസ്ചാര്‍ജ് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ശേഖരിക്കണം.

പരാതിയെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ മേലധികാരിയെ വിവരമറിയിക്കുകയും വിദ്ഗ്ധരുടെ പാനല്‍ വിളിച്ചു ചേര്‍ക്കാന്‍ അഭ്യര്‍ഥിക്കുകയും വേണം. ചികിത്സാ പിഴവ് പരാതി ഉയര്‍ന്നാല്‍ അത് കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരായ ഓരോ മേഖലയിലും വിദഗ്ധരായ ഡോക്ടര്‍മാരുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ ഉണ്ടാവണം. ഇതില്‍ നിന്ന് ഓരോ വിഷയത്തിലും വൈദഗ്ധ്യമുള്ളവരെ വിദഗ്ധരുടെ പാനലിലേക്ക് നിയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

രൂപീകരിച്ച് 30 ദിവസത്തിനുള്ളില്‍ വിദഗ്ധ പാനല്‍ തങ്ങളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. പരാതിക്കാര്‍ക്കും ഡോക്ടര്‍ക്കും നോട്ടിസ് നല്‍കുകയും ഇരുകൂട്ടര്‍ക്കും പറയാനുള്ളത് രേഖാമൂലം നല്‍കാന്‍ അനുവദിക്കുകയും വേണമെന്ന് തുടങ്ങി 12 മാര്‍ഗ നിര്‍ദേശങ്ങളാണ് കോടതി നല്‍കിയിരിക്കുന്നത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.