'ജാഗ്രതക്കുറവുണ്ടായി'; ബീഡി-ബിഹാര്‍ പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍

'ജാഗ്രതക്കുറവുണ്ടായി'; ബീഡി-ബിഹാര്‍ പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍

തിരുവനന്തപുരം: വിവാദമായ ബീഡി-ബിഹാര്‍ പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ്.

കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്സ് ഹാന്‍ഡിലില്‍ വന്ന ബീഡി-ബിഹാര്‍ പോസ്റ്റ് തെറ്റായിപ്പോയെന്നും ജാഗ്രതക്കുറവും സൂക്ഷ്മതക്കുറവും ഉണ്ടായെന്നും സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് കേരളയുടെ എക്‌സില്‍ വന്ന പോസ്റ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദേഹം അറിയിച്ചു.

ബുധനാഴ്ച ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ച പുതിയ നിരക്കുകള്‍ അനുസരിച്ച്, നേരത്തെയുണ്ടായിരുന്ന 28 ശതമാനത്തിന് പകരം ബീഡിക്ക് 18 ശതമാനം നികുതി ഈടാക്കുമെന്ന് അറിയിച്ചിരുന്നു. ബീഡി പൊതിയുന്ന ഇലകളുടെ നികുതി നിരക്ക് 18 ശതമാനത്തില്‍നിന്ന് 5 ശതമാനമായും ജിഎസ്ടി കൗണ്‍സില്‍ കുറച്ചിരുന്നു.

അതേസമയം പുകയില, സിഗരറ്റ് പോലുള്ള ഏതാനും ഇനങ്ങള്‍ക്കായി 40 ശതമാനത്തിന്റെ ഒരു പ്രത്യേക സ്ലാബും നിര്‍ദേശിക്കപ്പെട്ടു. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് കേരളയുടെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

'ബീഡിയും ബിഹാറും 'ബി'യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല' എന്നായിരുന്നു പോസ്റ്റ്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബിഹാറില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനുമെതിരെ ബിജെപി ഇതൊരു ആയുധമാക്കിയിരുന്നു.

ബിഹാര്‍ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി അടക്കമുള്ള ബിജെപി നേതാക്കള്‍ പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദ പ്രകടനവുമായി കെപിസിസി അധ്യക്ഷന്‍ രംഗത്തെത്തിയത്. മുന്‍ എംഎല്‍എ വി.ടി ബല്‍റാമിനാണ് കെപിസിസി ഡിജിറ്റല്‍ മീഡിയയുടെ ചാര്‍ജ്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.